തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി വിധി പറയുന്നതെന്നും എതിരഭിപ്രായമുള്ളവർക്ക് മേൽക്കോടതിയെ സമീപിക്കാമെന്നും സത്യൻ അന്തിക്കാട്. തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

തൃശൂർ: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയെ ബഹുമാനിക്കുന്നുവെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. കോടതിയിൽ വിശ്വസിക്കുന്നു. കോടതിക്ക് അപ്പുറം ഒന്നും അറിയില്ല. നേരിട്ട് കുറ്റക്കാരായവരെ ശിക്ഷിച്ചു. എതിരഭിപ്രായം ഉള്ളവർക്ക് മേൽ കോടതിയെ സമീപിക്കാനുള്ള സംവിധാനം ഉണ്ടെന്നും സത്യൻ അന്തിക്കാട് പ്രതികരിച്ച.

ദിലീപ് തെറ്റുകാരനല്ല എന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കിൽ, അത് കോടതിയുടെ അറിവും ബോധ്യവുമാണ്. തെളിവുകളും സാക്ഷികളും രേഖകളുമൊക്കെ നോക്കിയാണ് കോടതി വിധി പറയുന്നത്. ഈ നാട്ടിലെ ഒരു പൗരൻ എന്ന നിലയിൽ കോടതിയോട് ബഹുമാനമുണ്ട്. താൻ സിനിമാ സംഘടനയിൽ വളരെ സജീവമായിട്ടുള്ള ആളല്ല. ദിലീപ് ഫെഫ്കയിലേക്കും അമ്മയിലേക്കും തിരിച്ച് വരുന്നത് ഇപ്പോൾ സംസാരിക്കേണ്ട വിഷയമല്ലെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

'നമ്മളെ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് നമ്മുടെ അവകാശം'

നമ്മളെ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് നമ്മുടെ അവകാശമായതിനാൽ എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യാറുണ്ടെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. നമ്മുടെ മനസ്സിലൊരു രാഷ്ട്രീയവും തീരുമാനവുമുണ്ട്. ആരാണ് ജയിക്കേണ്ടത് എന്നത് സംബന്ധിച്ച് മലയാളികളുടെ ഉള്ളിൽ ഒരു ചിന്തയുണ്ട്. താനും മക്കളും ഭാര്യയുമെല്ലാം പഠിച്ച സ്കൂളിൽ തന്നെ വോട്ട് ചെയ്യാൻ കഴിയുന്നത് വലിയ സന്തോഷമുള്ള കാര്യമാണെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു.

വോട്ട് ചെയ്തും പ്രതികരിച്ചും താരങ്ങൾ

അതേസമയം ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി ഫെഫ്കയിൽ നിന്ന് ഇന്നലെ രാജി പ്രഖ്യാപിച്ചു. കോടതിയിൽ നിന്നുള്ള അന്തിമ വിധി എന്ന നിലക്ക് സംഘടനകൾ പെരുമാറുന്നു. അതിജീവിതയ്ക്ക് അനുകൂലമായി നിലപാടെടുക്കാത്ത സിനിമ സംഘടനകൾ സ്ത്രീപക്ഷമല്ലെന്ന് ഭാഗ്യലക്ഷ്മി തുറന്നടിച്ചു. അതിജീവിതയ്ക്കൊപ്പമാണ് താനെന്നായിരുന്നു നടൻ ആസിഫ് അലിയുടെ പ്രതികരണം. കോടതി വിധി മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം തൊടുപുഴയിൽ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു പ്രതികരണം. കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടുവെന്നാണ് വിശ്വാസമെന്ന് രഞ്ജി പണിക്കർ പ്രതികരിച്ചു. വിധി എതിരായാൽ ഒരു ഭാഗത്തുള്ളവർക്ക് ആക്ഷേപമുണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

കോടതി തീരുമാനം അംഗീകരിക്കുന്നുവെന്നായിരുന്നു കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ പ്രതികരണം. കോടതി വിധിയെ മാനിക്കാതിരിക്കാൻ പറ്റുമോ? വിധി പകർപ്പ് വരട്ടെ. ഒരു നിരപരാധിയും ശിക്ഷിക്കപെടാൻ പാടില്ല. ദിലീപിൻ്റെ തിരിച്ചു വരവ് തീരുമാനിക്കേണ്ടത് സിനിമ സംഘടനകളുടെ നേതൃത്വമാണെന്നും താൻ ഒരു മെമ്പർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

YouTube video player