പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം. ഒരാൾ രണ്ട് വോട്ട് ചെയ്തു എന്ന പരാതിയെ തുടർന്ന് തൃശൂര്‍ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് അൽപ്പ സമയത്തേക്ക് നിർത്തിവെച്ചു.കണ്ണൂരിൽ വിവിധയിടങ്ങളിൽ വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായി.
തൃശൂര്‍: പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം. ഒരാൾ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിയെ തുടർന്ന് തൃശൂര്‍ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് അൽപ്പസമയത്തേക്ക് നിർത്തിവെച്ചു. പാലക്കാട് കരിമ്പ പഞ്ചായത്തിലും കള്ളവോട്ട് ചെയ്യാൻ ശ്രമം നടന്നതായി ആരോപണം ഉയര്‍ന്നു. കണ്ണൂരിൽ വിവിധയിടങ്ങളിൽ വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായി. തൃശൂര്‍ ചെന്ത്രാപ്പിന്നി ചാമക്കാല എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് ചാമക്കാല ഗവ. മാപ്പിള സ്‌കൂളിലെ ഒന്നാം നമ്പർ ബൂത്തിലാണ് വോട്ടിങ് തടസപ്പെട്ടത്. ഒരാള്‍ രണ്ടു വോട്ട് ചെയ്തുവെന്ന പരാതിയിലായിരുന്നു വോട്ടെടുപ്പ് നിര്‍ത്തിവെച്ചത്. ഒടുവിൽ റിട്ടേണിംഗ് ഓഫീസർ സ്ഥലത്ത് എത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു. പരാതി ഉയരുന്ന സമയം വരെ 246 പേരാണ് വോട്ട് ചെയ്തത്. എന്നാൽ, മെഷീനിൽ 247 വോട്ടാണ് കാണിച്ചത്. അവസാനം വോട്ട് ചെയ്ത ആൾ ബീപ് ശബ്ദം വന്നില്ലെന്ന് പറഞ്ഞ് പരാതി ഉന്നയിച്ചതിനാൽ ഇയാൾക്ക് രണ്ടാമതും വോട്ടുചെയ്യാൻ അനുവാദം നൽകിയതാണ് കുഴപ്പമായത്. ഇയാളുടെ രണ്ട് വോട്ടും മെഷീനിൽ രേഖപ്പെട്ടിരുന്നു. പരാതി ഉയർന്നതോടെ മുക്കാൽ മണിക്കൂറോളം വോട്ടിങ് നിർത്തിവെച്ചു. ഒടുവിൽ റിട്ടേണിംഗ് ഓഫീസർ എത്തിയാണ് പ്രശ്നം പരിഹരിച്ചത്. നിലവിൽ ഉണ്ടായ സംഭവം ഓഫീസർ ഡയറിയിൽ റെക്കോഡ് ചെയ്യുമെന്നും വോട്ടെണ്ണൽ സമയത്ത് ബാക്കി നടപടികൾ സ്വീകരിച്ച് ആവശ്യമെങ്കിൽ റീപോളിംഗ് നടത്താമെന്നും അറിയിച്ചതോടെയാണ് പ്രശ്നം അവസാനിച്ചത്.
ഇതിനിടെ, പാലക്കാട് കരിമ്പ പഞ്ചായത്തിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കള്ളവോട്ടിന് ശ്രമിച്ചതായാണ് സിപിഎം ആരോപിക്കുന്നത്. കരിമ്പ വാർഡ് 15 ബൂത്ത് ആദ്യ വോട്ട് ചെയ്ത ലീഗ് പ്രവര്‍ത്തകൻ വാർഡ് 11ൽ വോട്ട് ചെയ്യാനെത്തിയെന്നാണ് ആരോപണം.
സി പി എം നേതാക്കൾ നൽകിയ പരാതി പരിശോധിക്കുകയാണെന്ന് കല്ലടിക്കോട് പൊലീസ് അറിയിച്ചു. അതേസമയം വോട്ട് ചെയ്യാനല്ല എത്തിയതെന്നാണ് താജുദ്ധീൻ നൽകുന്ന വിശദീകരണം.
കണ്ണൂരിൽ വിവിധയിടങ്ങളിൽ സംഘര്‍ഷം
കണ്ണൂർ ജില്ലയിൽ വോട്ടെടുപ്പിനിടെ വിവിധയിടങ്ങളിൽ സംഘർഷം. ചെങ്ങളായി പഞ്ചായത്തിലെ മാവിലുംപാറ വാർഡിൽ പാസ്സ് വാങ്ങാൻ എത്തിയ യുഡിഎഫ് ഏജന്‍റുമാരെ സിപിഎം പ്രവർത്തകർ മർദ്ദിച്ചു. വോട്ടെടുപ്പിനിടെയും കോൺഗ്രസ് പ്രവർത്തകർക്ക് നേരെ സിപിഎം ഭീഷണിയുണ്ടായി. കോൺഗ്രസ് പരാതിയെ തുടർന്ന് കണ്ണൂർ റൂറൽ എസ്പി സ്ഥലം സന്ദർശിച്ചു. പരിയാരം പഞ്ചായത്ത് പതിനാറാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി പി വി സജീവനും മർദ്ദനമേറ്റു. തളിപ്പറമ്പ് പട്ടുവം പഞ്ചായത്തിലെ അരിയിൽ വാർഡിൽ സിപിഎം ബൂത്ത് ഏജന്‍റിനെ ലീഗ് പ്രവർത്തകർ കയ്യേറ്റം ചെയ്തു. സംഭവസ്ഥലത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സന്ദർശനം നടത്തി.



