പൊലീസ് പ്രകോപനപരമായി പെരുമാറിയെന്ന് അഭിഭാഷകർ, വിവരാവകാശ അപേക്ഷ നൽകാനെത്തിയതെന്നും വിശദീകരണം

തിരുവനന്തപുരം: ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകരും പൊലീസും തമ്മിൽ സംഘർഷം. ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകനായ മിഥുൻ പൊലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതിന് പിന്നാലെയാണ് തർക്കമുണ്ടായത്. അഭിഭാഷക വേഷത്തിലല്ലാതെ എത്തിയ മിഥുനെ പൊലീസ് തടഞ്ഞു. കാരണം പറയാതെ സ്റ്റേഷനിലേക്ക് കടക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ അഭിഭാഷകൻ, പാറാവുകാരനെ തള്ളിത്താഴെയിട്ടെന്ന് പൊലീസ് ആരോപിച്ചു. തർക്കമായതോടെ മടങ്ങിയ മിഥുൻ കൂടുതൽ അഭിഭാഷകരുമായി സ്റ്റേഷനിലെത്തി പ്രതിഷേധിക്കുകയായിരുന്നു. അഭിഭാഷക സംഘത്തെ പൊലീസ് തടഞ്ഞത് രൂക്ഷമായി വാക്കുതർക്കത്തിലേക്ക് നയിച്ചു. അതേസമയം പൊലീസ് പ്രകോപനപരമായി പെരുമാറുകയായിരുന്നുവെന്നും വിവരാവകാശ അപേക്ഷ നൽകാനാണ് സ്റ്റേഷനിൽ എത്തിയതെന്നും അഭിഭാഷകൻ മിഥുൻ വിശദീകരിച്ചു.