എൽഡിഎഫ് മേഖലാ ജാഥ കടന്നുപോകുന്നതിനിടെ റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കൗൺസിലര്‍ ഗായത്രി ബാബുവിന് എംബിവിപിക്കാര്‍ നിവേദനം നൽകിയതിനെച്ചൊല്ലിയായിരുന്നു സംഘര്‍ഷം.

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ എൽഡിഎഫ്, എബിവിപി പ്രവര്‍ത്തകര്‍ തമ്മിൽ സംഘര്‍ഷം. സംഘര്‍ഷത്തിന് പിന്നാലെ എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ കല്ലേറുണ്ടായി. എൽഡിഎഫ് മേഖലാ ജാഥ കടന്നുപോകുന്നതിനിടെ റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കൗൺസിലര്‍ ഗായത്രി ബാബുവിന് എംബിവിപിക്കാര്‍ നിവേദനം നൽകിയതിനെച്ചൊല്ലിയായിരുന്നു സംഘര്‍ഷം. സംഭവത്തിൽ പത്ത് എബിവിപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വഞ്ചിയൂര്‍ സ്റ്റേഷന് മുന്നിലും ബിജെപി പ്രതിഷേധമുണ്ടായി. അതേസമയം എബിവിപി പ്രവര്‍ത്തകര്‍ വഞ്ചിയൂര്‍ കൗൺസിലര്‍ ഗായത്രി ബാബുവിനെതിരെ ആക്രമണം നടത്തിയെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം.

പട്രോളിംഗിനിടെ പട്ടാമ്പി എസ്ഐക്ക് വെട്ടേറ്റു, പ്രതി ലഹരിക്ക് അടിമ

പാലക്കാട്: പട്ടാമ്പി എസ്ഐക്ക് വെട്ടേറ്റു. പട്ടാമ്പി ടൗണിൽ പട്രോളിങ് നടത്തുന്നതിനിടെ എസ്ഐ സുബാഷ് മോഹനാണ് വെട്ടേറ്റത്. ലഹരിക്കടിമയായ മഞ്ഞളുങ്ങൾ സ്വദേശി മടാൾ മുജീബ് എന്നയാളാണ് എസ്ഐയെ വെട്ടിയത്. മുജീബ് ഇരുന്നിരുന്ന ഭാഗത്ത് കൂടെ നടക്കുകയായിരുന്ന എസ്ഐയെ യാതൊരു പ്രകോപനവും ഇല്ലാതെ ആക്രോശിക്കുകയും വടിവാൾ കൊണ്ട് വീശുകയുമായിരുന്നുവെന്നാണ് ദൃക്സാക്ഷികളിൽ നിന്നുള്ള മൊഴി. എസ് ഐയുടെ കാൽമുട്ടിനാണ് വെട്ടേറ്റത്. നാട്ടുകാർ ഓടികൂടിയതോടെ മുജീബ് സമീപത്തെ ഇടവഴിയിലൂടെ ഓടിരക്ഷപ്പെട്ടു. പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ വൈകീട്ട് ആറുമണിയോടെയാണ് പ്രതിയെ പിടികൂടിയത്

കെഎസ്ആര്‍ടിസിയിൽ ആശ്വാസം; പ്രതിസന്ധി പരിഹരിച്ചു

തിരുവനന്തപുരം : കെഎസ്ആര്‍ടിസി പെന്‍ഷൻ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. സഹകരണ കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി നീട്ടിയാണ് പ്രതിസന്ധി പരിഹരിച്ചത്. ജൂണ്‍ 30 ന് അവസാനിച്ച കരാർ അടുത്ത വർഷം ജൂൺ വരെ പുതുക്കി ഒപ്പിടാത്തതിനാൽ രണ്ടുമാസത്തെ പെൻഷൻ മുടങ്ങിയത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. പലിശയെച്ചൊല്ലിയുള്ള തർക്കമായിരുന്നു കരാർ വൈകാൻ കാരണം. സഹകരണ കൺസോഷ്യത്തിന് നൽകുന്ന പലിശ 8% ആക്കി കുറച്ചു. സഹകരണ സംഘങ്ങള്‍ വഴി തിങ്കളാഴ്ച മുതല്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സഹകരണ മന്ത്രി വിഎൻ വാസവൻ അറിയിച്ചു. 

അതേ സമയം, കെഎസ്ആർടിസിയിൽ ഓണത്തിന് മുമ്പ് ശമ്പളം നൽകണമെന്ന ഹൈക്കോടതി ഉത്തരവിൽ അപ്പീൽ സാധ്യത തേടുകയാണ് സംസ്ഥാന സർക്കാർ. നിയമ വശങ്ങൾ പരിശോധിക്കാൻ ധനവകുപ്പ് നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഓണത്തിന് മുമ്പ് കുടിശ്ശിക തീർത്ത് രണ്ട് മാസത്തെ ശമ്പളവും ഓണബത്തയും നൽകണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ഇതിനായി സർക്കാർ അ‌ഞ്ച് ദിവസത്തിനകം 103 കോടി രൂപ നൽകണം. സാമ്പത്തികെ പ്രതിസന്ധിയിൽ വലയുന്ന കെഎസ്ആർടിസിക്കും സർക്കാരിനും വലിയ ആശയക്കുഴപ്പമാണ് ഹൈക്കോടതി ഉത്തരവ് ഉണ്ടാക്കിയത്.