മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരാള്‍ ആശുപത്രിയിലെ കുട്ടികളുടെ വാ‍ർഡിലേക്ക് ഓടിക്കയറി. പിന്തുടർന്ന് എത്തിയ സംഘം ഇയാളെ ആശുപത്രിക്കുള്ളില്‍ വച്ച് മര്‍ദ്ദിച്ചു

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടി. ആശുപത്രിക്ക് പുറത്ത് വച്ചാണ് ഇരുവിഭാഗവും ആദ്യം ഏറ്റുമുട്ടിയത്. ഇതിനിടെ മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരാള്‍ ആശുപത്രിയിലെ കുട്ടികളുടെ വാ‍ർഡിലേക്ക് ഓടിക്കയറി. പിന്തുടർന്ന് എത്തിയ സംഘം ഇയാളെ ആശുപത്രിക്കുള്ളില്‍ വച്ച് മര്‍ദ്ദിച്ചു.ആശുപത്രിയിലെ ഉപകരങ്ങളും തല്ലിത്തകര്‍ത്തു. 

വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. നഗരത്തില്‍ ഇരു വിഭാഗം ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതില്‍ പരിക്കേറ്റ ആള്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. ഇയാളെ അന്വേഷിച്ചെത്തിയ സംഘമാണ് താലൂക്ക് ആശുപത്രിയിൽ അക്രമം അഴിച്ചു വിട്ടത്. സംഘത്തെ കണ്ടതോടെ പരിക്കേറ്റയാള്‍ കുട്ടികളുടെ ഒപിയിലേക്ക് ഓടിക്കയറി. തുടര്‍ന്ന് ഇരുവിഭാഗവും തമ്മിലടിക്കുകയായിരുന്നു. 

ഡോക്ടറുടെ ക്യാബിന്റെ വാതിൽ ചില്ലുകൾ അടിച്ചു തകർക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. അക്രമത്തിൽ മർദ്ദനമേറ്റയാൾ ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു. പൊലീസ് എത്തിയപ്പോഴേക്കും അക്രമി സംഘവും കടന്നുകളഞ്ഞു .നിരവധി രോഗികളും കൂട്ടിരിപ്പുകാരുമൊക്കെ ആശുപത്രിയിലുണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. അക്രമികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.