റെയിൽവേയ്‍ക്കെതിരെ മന്ത്രി വിമര്‍ശനം ഉന്നയിച്ചു. അപകടം നടന്ന സ്ഥലത്ത് കോർപറേഷനോ സർക്കാരിനോ ഇടപെടാൻ റെയിൽവേ അനുമതി നൽകിയിട്ടില്ലെന്ന് ശിവൻകുട്ടി കുറ്റപ്പെടുത്തി.
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിൽ ശുചീകരണ തൊഴിലാളിയെ കാണാതായ സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയ പ്രതികരണം അപക്വവും മനുഷ്യത്വരഹിതവുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഒരാളെ അപകടത്തിൽ കാണാതായപ്പോഴും രാഷ്ട്രീയ മുതലെടുപ്പിനാണ് പ്രതിപക്ഷ നേതാവിന്‍റെ ശ്രമമെന്ന് മന്ത്രി വിമര്‍ശിച്ചു. റെയിൽവേയ്‍ക്കെതിരെ മന്ത്രി വിമര്‍ശനം ഉന്നയിച്ചു. അപകടം നടന്ന സ്ഥലത്ത് കോർപറേഷനോ സർക്കാരിനോ ഇടപെടാൻ റെയിൽവേ അനുമതി നൽകിയിട്ടില്ലെന്ന് ശിവൻകുട്ടി കുറ്റപ്പെടുത്തി.
റെയിൽവേയുടെ നിയന്ത്രണത്തിലുള്ള സ്ഥലത്താണ് അപകടം നടന്നത്. അവിടെ തിരുവനന്തപുരം കോർപ്പറേഷന്റെയോ സംസ്ഥാന സർക്കാരിന്റെയോ ഇടപെടലുകൾക്ക് റെയിൽവേ അനുവാദം നൽകിയിട്ടില്ല. യാതൊരു സുരക്ഷയും ഇല്ലാതെയാണ് റെയിൽവേയുടെ കരാറുകാരൻ തൊഴിലാളികളെ ശുചീകരണ പ്രവർത്തനത്തിന് ഉപയോഗപ്പെടുത്തിയത് എന്നത് വ്യക്തമാണ്. കാണാതായ ആളെ കണ്ടെത്താൻ സംസ്ഥാന സർക്കാർ ആയതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി പ്രതികരിച്ചു. അപ്പോഴും സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ് ആ സ്ഥലം സന്ദർശിക്കുക പോലും ചെയ്യാത്ത പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ആവതെല്ലാം രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് നടത്തുണ്ട്. കേരളമാകെ ദുഃഖത്തോടെ കണ്ട ഒരു സംഭവത്തെ രാഷ്ട്രീയ മുതലെടുപ്പിനായാണ് പ്രതിപക്ഷ നേതാവ് ഉപയോഗപ്പെടുത്തുന്നത്. റെയിൽവേയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമം. മന്ത്രി വീണാ ജോർജിനെ അടക്കം കുറ്റപ്പെടുത്താനാണ് ഈ ദുരന്തസമയത്തും പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത് എന്നത് അപലപനീയമാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
