കാലം തെറ്റിയ മഴ, താപനിലയില്‍ ഏറ്റക്കുറച്ചില്‍, സംസ്ഥാനത്തും കാലാവസ്ഥ വ്യതിയാനം വലിയ പ്രത്യാഘാതമാണുണ്ടാക്കുന്നത്. കാലവര്‍ഷക്കാലത്ത് മഴ സാധാരണ നിലയിലായിരുന്നെങ്കില്‍ തുലാവര്‍ഷക്കാലത്ത് കിട്ടേണ്ട മഴ ഒരു മാസത്തിനുള്ളില്‍ തന്നെ പെയ്തു.

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം (climate change) സംസ്ഥാനത്തെ കാര്‍ഷിക വിള ഉത്പാദനത്തില്‍ വലിയ കുറവുണ്ടാക്കുമെന്ന് വിദഗ്ധ പഠന റിപ്പോര്‍ട്ട്. നെല്ലുത്പാദനത്തില്‍ 40 ശതമാനം വരെ കുറവുണ്ടായേക്കാം. എന്നാല്‍ കാലാവസ്ഥാ മാറ്റത്തിലും മരച്ചീനി പിടിച്ച് നില്‍ക്കും. 17 ശതമാനം ഇടിവ് മാത്രം ഉണ്ടാകും. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് അന്താരാഷ്ട്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു.

കാലം തെറ്റിയ മഴ, താപനിലയില്‍ ഏറ്റക്കുറച്ചില്‍, സംസ്ഥാനത്തും കാലാവസ്ഥ വ്യതിയാനം വലിയ പ്രത്യാഘാതമാണുണ്ടാക്കുന്നത്. കാലവര്‍ഷക്കാലത്ത് മഴ സാധാരണ നിലയിലായിരുന്നെങ്കില്‍ തുലാവര്‍ഷക്കാലത്ത് കിട്ടേണ്ട മഴ ഒരു മാസത്തിനുള്ളില്‍ തന്നെ പെയ്തു. കാര്‍ഷിക വിളകളെ ഇത് വലിയ തോതില്‍ ബാധിക്കുന്നുണ്ട്. കഴിഞ്ഞ 30 വര്‍ഷത്തെ കാലാവസ്ഥ വിവരങ്ങള്‍ വിശകലനം ചെയ്ത് തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രമാണ് വിദഗ്ധ പഠനം നടത്തിയത്. മഴ ചില സ്ഥലങ്ങളില്‍ 448 മില്ലിമീറ്റര്‍ വരെ കൂടാനും ചിലയിടങ്ങളില്‍ 72 മില്ലിമീറ്റര്‍ വരെ കുറയാനും സാധ്യതുണ്ട്. ഉയര്‍ന്ന താപനലിയില്‍ 2.2 ഡിഗ്രി വരെ മാറ്റമുണ്ടായേക്കാം. ലാര്‍ജ് വെതര്‍ ജനറേറ്റര്‍ എന്ന കംപ്യൂട്ടര്‍ പ്രോഗ്രാം ഉപയോഗിച്ചാണ് വിവിധ വിളകളുടെ ഉത്പാദനത്തെ 2030, 2050,2070 വര്‍ഷങ്ങളില്‍ എങ്ങനെ ബാധിക്കുമെന്ന് വിശകലനം ചെയ്തത്.

കേന്ദ്ര സര്‍ക്കാരിന്‍റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ നിര്‍ദ്ദേശമനുസരിച്ചാണ് കാലവസ്ഥ മാറ്റം വിള ഉത്പാദനത്തിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് പഠനം നടന്നത്. രാജ്യത്തിനകത്തുള്ള 16 ഗവേഷകരാണ് ഈ പഠനത്തില്‍ പങ്കുചേര്‍ന്നത്. ഫുഡ് സെക്യൂരിറ്റി എന്ന അന്താരാഷ്ട്ര ജേര്‍ണലില്‍ പ്രസിദ്ധികരിച്ച പഠന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനും കൈമാറും.