കൊല്ലം: കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ച രോഗി പോയ അഞ്ചാലുംമൂട് പിഎൻഎൻഎം ക്ലിനിക്ക് താല്‍ക്കാലികമായി അടക്കും. കൊവിഡ് ബാധിതന്‍റെ കുടുംബത്തിലെ ആറുപേരെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. ഇയാളുമായി പ്രാഥമിക സമ്പർക്കം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. ഈ മാസം 18 ന് ദുബായില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ ഇയാള്‍ തമ്പാനൂരില്‍ നിന്നും ബസിനാണ് കൊല്ലത്തേക്ക് പോയത്. കൊല്ലത്തുനിന്നും ഓട്ടോയിലാണ് പ്രാക്കുളത്തുള്ള തന്‍റെ വീട്ടിലേക്ക് ഇയാള്‍ എത്തിയത്.

തുടര്‍ന്ന് ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചതിന് പിന്നാലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു . 25ന് രാത്രി പനിയും അസ്വസ്ഥതയും ഉണ്ടായതിനെ തുടര്‍ന്ന് സുഹൃത്തിന്‍റെ ബൈക്കില്‍ ഇയാള്‍ അഞ്ചാലുംമ്മൂട്ടിലെ പിഎൻഎൻഎം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അന്നുതന്നെ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലും ഇയാള്‍ പോയി. സ്ഥലത്തെ ജനപ്രതിനിധികൾ, അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർ എന്നിവർ എത്തിയാണ് ആശുപത്രിയിലേക്ക് അയച്ചത്. അവിടെ നിന്നും പരിശോധനയ്ക്കായി സ്രവം എടുത്ത ശേഷം 26 ന് പുലർച്ചെ 3.30 ഓടെ വീട്ടിലേക്ക് വിടുകയായിരുന്നു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക