ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ഫാദര്‍ ആന്‍റണി മാടശ്ശേരി സംശയനിഴലിൽ.  ഫാദര്‍ ആന്‍റണി മാടശ്ശേരി ആദായ നികുതി നിയമം ലംഘിച്ചതായി അന്വേഷണ ഏജൻസി കണ്ടെത്തി. ഇന്നലെ രാത്രി വരെ നീണ്ട ചോദ്യം ചെയ്യലിൽ 9 കോടി 66 ലക്ഷം രൂപയുടെ ഉറവിടം കാണിക്കാൻ വൈദികനും കൂട്ടർക്കും കഴി‌ഞ്ഞില്ല. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് തൃപ്തികരമായ രേഖകളൊന്നും ലഭിച്ചിട്ടില്ല.

സഹോദയ കമ്പനിയുടേയും നവജീവൻ ട്രസ്റ്റിന്‍റെയും മറവിൽ രൂപതയ്ക്കു ലഭിച്ച സംഭാവനകളിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നും ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്. വൈദികനും  കൂട്ടാളികളും കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നാണ്  ആദായനികുതി വകുപ്പ് സംഘത്തിൻറെ പ്രാഥമിക നിഗമനം. സന്നദ്ധ സംഘടനയക്കു   ലഭിച്ച സംഭാവനകളിൽ  ക്രമക്കേട് നടന്നതായും ആദായ നികുതി ഉദ്യോഗസ്ഥർ കണ്ടെത്തി.

കണ്ടെത്തിയ പണത്തിന് രേഖകളോ ബില്ലുകളോ സമർപ്പിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം  കണ്ടെടുത്ത പണത്തിൽ കള്ളനോട്ട് ഉൾപ്പെട്ടിട്ടുണ്ടെന്ന് വാർത്ത കുറിപ്പിലൂടെ പറഞ്ഞത് പിശക് പറ്റിയതാണെന്ന് പഞ്ചാബ് പൊലീസ് വ്യക്തമാക്കി.