തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരെ ടി പി സെൻകുമാർ നൽകിയ കേസ് അവസാനിപ്പിക്കുന്നതായി കാണിച്ച് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന്. 

ഏഷ്യാനെറ്റ് ന്യൂസ് കോർഡിനേറ്റിംഗ് എഡിറ്റർ പി ജി സുരേഷ് കുമാറിന്‍റെയും ഫോൺ വിളികൾ പരിശോധിച്ചെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. സെൻകുമാർ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിന് മുമ്പോ ശേഷമോ ഇരുവരും സംസാരിച്ചിട്ടില്ല. ഇതിൽ ഗൂഢാലോചനയുണ്ടെന്ന സെൻകുമാറിന്‍റെ വാദം നിലനിൽക്കുന്നതല്ലെന്നും കേസന്വേഷണം അവസാനിപ്പിക്കുന്നതായി കാണിച്ച് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പൊലീസ് ചൂണ്ടിക്കാട്ടുന്നു.

കടവിൽ റഷീദിനെ പ്രസ് ക്ലബ്ബിൽ വച്ച് അപമാനിച്ചെന്ന് കാട്ടി സെൻകുമാറിനെതിരെ കേസ് നൽകിയിരുന്നതാണ്. ഇതിന് ബദലായാണ് സെൻകുമാർ വസ്തുതാവിരുദ്ധമായ പരാതി നൽകിയതെന്നാണ് റിപ്പോർട്ടിലുള്ളത്.

കേസ് അവസാനിപ്പിച്ചതായി സെൻകുമാറിന് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന പൊലീസ്, അത് കൈപ്പറ്റാൻ തയ്യാറായിട്ടില്ലെന്നും കോടതിയെ അറിയിച്ചു. സെൻകുമാറിന് നൽകിയ നോട്ടീസും കേസ് അവസാനിപ്പിച്ച റിപ്പോർട്ടിനൊപ്പം കോടതിയിൽ നൽകിയിട്ടുണ്ട്. 

തിരുവനന്തപുരം പ്രസ്ക്ലബിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ടിപി സെൻകുമാറിനോട് ചോദ്യം ചോദിച്ചതിനാണ് കലാപ്രേമി എഡിറ്റര്‍ കടവിൽ റഷീദിനെതിരെ കേസ് എടുത്തത്. മാധ്യമപ്രവര്‍ത്തകരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ടിപി സെൻകുമാറിനെതിരെ പ്രതിഷേധിച്ച് മെസേജിട്ടതിനാണ് എഷ്യാനെറ്റ് ന്യൂസ് സീനിയര്‍ കോർഡിനേറ്റിംഗ് എഡിറ്റര്‍ പിജി സുരേഷ് കുമാറിനെതിരെ കേസ് എടുത്തത്. 

കഴിഞ്ഞ മാസം 16-ന് തിരുവനന്തപുരം പ്രസ് ക്ലബിൽ സുഭാഷ് വാസുവിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിനിടെ ചോദ്യം ചോദിച്ചപ്പോഴാണ് കടവിൽ റഷീദിനെ സെൻകുമാർ അപമാനിച്ചത്. ആർസിസിയിൽ നിന്ന് ചികിത്സ കഴിഞ്ഞ് ജോലിയിൽ മടങ്ങിയെത്തി ദിവസങ്ങൾ മാത്രമായിരുന്ന കടവിൽ റഷീദിനോട് 'മദ്യപിച്ചിട്ടുണ്ടോ' എന്നായിരുന്നു സെൻകുമാറിന്‍റെ ചോദ്യം. 'ഇവിടെ വന്നേ, ഇവിടെ വന്ന് നിൽക്ക്' എന്ന് ആജ്ഞാപിക്കുകയും ചെയ്തു. തുടർന്ന് സെൻകുമാറിനൊപ്പമെത്തിയവർ റഷീനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. 

കടവിൽ റഷീദ് പരാതി നൽകിയ ശേഷം നാലു ദിവസം പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് കോടതി നിർദ്ദേശ പ്രകാരം സെൻകുമാറിനെതിരെ കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തു.  

പിന്നാലെ എതിർപരാതിയുമായി സെൻകുമാറും രംഗത്തെത്തി. പ്രസ് ക്ലബ്ബ് സംഭവത്തെ അപലപിച്ച് പത്രപ്രവർത്തകയൂണിയന്‍റെ വാട്‍സാപ്പ് ഗ്രൂപ്പിൽ പി ജി സുരേഷ്‍ കുമാർ എഴുതിയ അഭിപ്രായം ഗൂഢാലോചനയാണെന്നായിരുന്നു സെൻകുമാറിന്‍റെ പരാതി. സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒരന്വേഷണവും നടത്താതെ പി ജി സുരേഷ് കുമാറിനെതിരെ കേസ് എടുത്തത്.