Asianet News MalayalamAsianet News Malayalam

'യൂറോപ്പിലേക്ക് പോയി ഇനിയെന്ത് പഠിക്കാനാണ്, ഗുണമൊന്നുമില്ല'; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരന്‍

മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക് പോയി ഇനിയെന്ത് പഠിക്കാനാണെന്ന് പരിഹസിച്ച അദ്ദേഹം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമാണെന്ന്ചൂണ്ടിക്കാട്ടി

cm and ministers European trip k sudhakaran response
Author
First Published Sep 13, 2022, 7:50 PM IST

തിരുവനന്തപുരം: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ സിപിഎം ഭയക്കുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ്  കെ സുധാകരൻ. സിപിഎമ്മിന്റെ ഭയപ്പാടാണ് നേതാക്കളുടെ പ്രതികരണങ്ങളിലൂടെ പുറത്തുവരുന്നത്. ജോഡോ യാത്ര  മുന്നോട്ടുപോകുന്ന ഓരോ ദിവസവും പ്രവർത്തകർക്കിടയിൽ ആവേശം കൂടിവരികയാണ്. ഉജ്വല വരവേൽപ്പാണ് രാഹുൽ ഗാന്ധിക്കും പദയാത്രയ്ക്കും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക് പോയി ഇനിയെന്ത് പഠിക്കാനാണെന്ന് പരിഹസിച്ച അദ്ദേഹം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമാണെന്ന്ചൂണ്ടിക്കാട്ടി. കടമെടുത്ത് ഓവർ ട്രാഫ്റ്റ്  പരിധിയും കഴിഞ്ഞ് നിൽക്കുകയാണ്. മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും വിദേശ പര്യടനം കേരളത്തിന് ബാധ്യതയാകുന്നതല്ലാതെ ഗുണമൊന്നുമില്ല. പൊതു മേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്ന് പറയുന്ന  സർക്കാരും മുഖ്യമന്ത്രിയുമാണ് ഉലകം ചുറ്റാനിറങ്ങുന്നതെന്നും സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും രണ്ടാഴ്ചത്തെ വിദേശ സന്ദർശനത്തിന് പോകുന്നതിനെ പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്  പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജോഡോ യാത്രയെ സിപിഎം പിന്തുണക്കണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടിരുന്നു. ബിജെപിക്കുള്ള യഥാർത്ഥ ബദൽ രാഹുൽ ​ഗാന്ധിയാണ്. കേരളത്തിലും അധികാരം പോകുമോ എന്ന ഭയം കൊണ്ടാണ് സിപിഎം ജാഥയെ വിമർശിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

അതേസമയം, ഭാരത് ജോഡോ യാത്രയെ സിപിഎം എതിർക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ വ്യക്തമാക്കി. കേരള സർക്കാരിനെയോ സിപിഎമ്മിനെയോ ശരിയല്ലാത്ത രീതിയിൽ വിമർശിച്ചാൽ  പ്രതികരണങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റ് അം​ഗം എം സ്വരാജിന്റെ കണ്ടെയ്നർ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിനും ​ഗോവിന്ദൻ മറുപടി നൽകി.

ജോഡോ യാത്രയിൽ സിപിഎമ്മിന്റെ നിലപാട് വ്യക്തമാക്കിയെന്നും പാർട്ടി നിലപാട് വ്യക്തമാക്കിയാൽ ആ നിലപാടിൽ നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസിനെതിരെ പോരാടാൻ ജീവിതം ഉഴിഞ്ഞുവെച്ച ആളാണ് കേരള മുഖ്യമന്ത്രിയെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ജയ്റാം രമേശ് വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്നു. ജയ്റാം രമേശിന്റെ ഉപദേശമാണ് രാഹുൽ സ്വീകരിക്കുന്നതെങ്കിൽ യാത്ര വഴിതെറ്റുമെന്നും ബ്രിട്ടാസ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios