തിരുവനന്തപുരം: മാര്‍ത്തോമ സഭയുടെ 22 മത്തെ പരമാധ്യക്ഷനായി ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് ചുമതലയേറ്റതിന് പിന്നാലെ അഭിനന്ദനവുമായി പ്രമുഖര്‍. അസാമാന്യ നേതൃപാടവമുള്ള വ്യക്തിയാണ് മാര്‍ തിയോഡോഷ്യസ് മാര്‍ത്തോമ മെത്രാപൊലിത്തയെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ. മാര്‍ തിയോഡോഷ്യസ് മെത്രാപ്പൊലിത്തയുടെ നേതൃത്വം മാര്‍ത്തോമസഭയ്ക്ക് പുത്തന്‍ ഉണര്‍വും ലക്ഷ്യബോധവും നല്‍കുമെന്നും ബസോലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു.

മാര്‍ തിയോഡോഷ്യസ് മാര്‍ത്തോമാ മെത്രാപൊലിത്ത സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചയാളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. പൂര്‍വ്വികരുടെ നേതൃത്വപാടവം മാര്‍ തിയോഡഷ്യസിലൂടെ  മാര്‍ത്തോമസഭയ്ക്ക് ലഭിക്കുമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രതികരിച്ചു.
  
തിരുവല്ല പുലാത്തീന്‍ ചര്‍ച്ചില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടക്കുന്ന ചടങ്ങുകള്‍ പൂര്‍ത്തിയായി. ആത്മീയ വഴിയില്‍ ഒപ്പം നിന്നവര്‍ക്ക് നന്ദി അറിയിച്ചതിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത, എല്ലാവരുടെയും പ്രാര്‍ഥന വേണമെന്നും അഭ്യര്‍ത്ഥിച്ചു.

കാലം ചെയ്ത ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്തയുടെ പിന്‍ഗാമിയായാണ് ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, മെത്രാപ്പൊലീത്ത ആകുന്നത്.അലക്‌സാണ്ടര്‍ മാര്‍ത്തോമ ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ മദ്ബഹായിലാണ് ചടങ്ങുകള്‍ നടന്നത്. എട്ട് മണി മുതല്‍ വിശുദ്ധ കുര്‍ബാന നടന്നു. പതിനൊന്ന് മണി മുതല്‍ അനുമോദന സമ്മേളനത്തില്‍ വിവിധ സാമുദായിക സാമൂഹിക രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സഭയില്‍ ഒരു മെത്രാപ്പൊലീത്തയുടെ സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത്.