തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എൽഡിഎഫ് സര്‍ക്കാര്‍ നൂറ് ദിന 
കര്‍മ്മ പരിപാടി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച നൂറുദിന കര്‍മ്മ പരിപാടിയുടെ രണ്ടാം ഘട്ടമായാണ് വീണ്ടും നൂറു ദിന കര്‍മ്മ പരിപാടിയുമായി സര്‍ക്കാര്‍ രംഗത്തു വന്നത്.

തദ്ദേശതെരഞ്ഞെടുപ്പിൽ നിര്‍ണായകമായി മാറിയ ഭക്ഷ്യക്കിറ്റ് വിതരണവും പെൻഷൻ വിതരണവും ശക്തമായി തുടരുമെന്ന് നൂറ് ദിന കര്‍മ്മ പരിപാടി പ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാം ക്ഷേമപെൻഷനുകളും ജനുവരി മുതൽ നൂറ് രൂപ കൂട്ടി നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതോടെ പെൻഷൻ തുക ആയിരത്തി അഞ്ഞൂറായി ഉയരും. എല്ലാ റേഷൻ കാര്‍ഡ് ഉടമകൾക്കും ഏപ്രിൽ വരെ സൗജന്യമായി ഭക്ഷ്യക്കിറ്റുകളും നൽകും. 

കൊച്ചി - മംഗലാപുരം ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിയുടെ ഉദ്ഘാടനം ജനുവരി അഞ്ചിന് പ്രധാനമന്ത്രി നിര്‍വഹിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാൻ അറിയിച്ചതായി മുഖ്യമന്ത്രി പറ‍ഞ്ഞു. സര്‍ക്കാരിൻ്റെ അഭിമാന പദ്ധതിയായ കെ ഫോണ്‍ പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഫെബ്രുവരിയിൽ നടക്കും. 

ഒന്നാം ഘട്ടനൂറുദിന പരിപാടിയിൽ പ്രഖ്യാപിച്ച 122 പദ്ധതികൾ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓണക്കാലത്ത് പ്രഖ്യാപിച്ച നൂറു ദിന കർമ പദ്ധതി മികച്ച പ്രതികരണം ഉണ്ടാക്കി. ആദ്യഘട്ട നൂറു ദിന പരിപാടിയിൽ പ്രഖ്യാപിച്ചത് 50,000 തൊഴിൽ അവസരങ്ങളാണെങ്കിൽ 1,16 ,440 തൊഴിൽ അവസരങ്ങളുണ്ടാക്കാൻ സര്‍ക്കാരിന് സാധിച്ചു. 

രണ്ടാം ഘട്ട നൂറു ദിനം പദ്ധതിയിലും അൻപതിനായിരം പേർക് തൊഴിൽ വാഗ്ദാനം ചെയ്യുന്നു. രണ്ടാം ഘട്ടം ഡിസംബർ 9 മുതൽ തുടങ്ങേണ്ടി ഇരുന്നതാണെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം പ്രഖ്യാപനം വൈകിയെന്നും മുഖ്യമന്ത്രി അറിയിച്ചു. രണ്ടാം ഘട്ടത്തിൽ മാര്‍ച്ച് 31 നു മുൻപായി ഒൻപത് വ്യവസായ പദ്ധതികളുടെ ഉത്ഘാടനം  നടത്തും ബ്രുവരി യിൽ വെർച്വൽ കയർ മേള നടത്തും 150000 വീടുകൾ ലൈഫ് പദ്ധതി വഴി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 5 ഭവന സമുച്ഛയങ്ങൾ കൂടി മാർച്ച്‌ 31 നു മുൻപ് തീർക്കും