സംസ്ഥാന സർക്കാർ പ്രവാസി ക്ഷേമനിധി പെൻഷനായി 32 കോടിയും, വിരമിച്ച അങ്കണവാടി ജീവനക്കാർക്ക് 34 കോടി രൂപയും അനുവദിച്ചു. ഓണത്തിന് മുന്നോടിയായി കുടിശ്ശിക ഉൾപ്പെടെയുള്ള പെൻഷൻ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തും. മുൻ സർക്കാരിന്റെ കാലത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിച്ചാണ് നിലവിലെ സർക്കാർ തുക അനുവദിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ചു. ധനവകുപ്പ് തുക ലഭ്യമാക്കിയതോടെ ഓണത്തിന് മുന്നോടിയായി പെൻഷൻ തുക പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കെത്തും. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് പ്രവാസി ക്ഷേമനിധി ബോർഡിന്‍റെ പെൻഷൻ ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് പെൻഷൻ വിതരണത്തിൽ കുടിശ്ശിക വരുത്തിവെച്ചത്. എന്നാൽ, പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധത മുൻനിർത്തി നിലവിലെ സർക്കാർ വിഷയത്തിൽ ഇടപെടുകയും ആദ്യഘട്ട തുക അനുവദിക്കുകയുമായിരുന്നു. കുടിശിക തുക അനുവദിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ നിർദേശം നൽകി.
സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിരുന്നു. മൂന്ന് മാസത്തെ പെൻഷൻ ആണ് ആദ്യ ഘട്ടം വിതരണം ചെയ്യുക. അങ്കണവാടി പെൻഷൻ വിതരണത്തിന് സംസ്ഥാന സർക്കാർ രണ്ട് ഘട്ടങ്ങളിലായി 34 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുകയിൽ നിന്നാണ് പെൻഷൻ വിതരണം.
കഴിഞ്ഞ സർക്കാർ വരുത്തിയ കുടിശ്ശിക ഉൾപ്പെടെ ഉള്ള തുക വിരമിച്ച ജീവനക്കാരുടെ അക്കൗണ്ടുകളിലൂടെ ഉടൻ ലഭ്യമാകും. ഓണത്തിന് മുൻപ് പെൻഷൻ തുക നൽകുമെന്ന് സംസ്ഥാന വനിത ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ വിരമിച്ച ജീവനക്കാർക്ക് ഉറപ്പ് നൽകിയിരുന്നു. ശേഷിക്കുന്ന പെൻഷൻ തുക ഈ മാസം അവസാനത്തോടെ വിതരണം ചെയ്യുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.


