കൊച്ചി: സ്വര്‍ണ്ണം കടത്തിയ നയതന്ത്ര ബാഗ് വിട്ടു കൊടുക്കാന്‍ ആവശ്യപ്പെട്ട് മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കരന്‍ വിളിച്ചുവെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഇക്കാര്യം ശിവശങ്കര്‍ സമ്മതിച്ച് മൊഴി നല്‍കിയിട്ടുണ്ടെന്ന്  ഇഡി യുടെ അറസ്റ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതോടെ തന്‍റെ ഓഫീസില്‍ നിന്നും ആരും കസ്റ്റംസിനെ വിളിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതിരോധമാണ് പൊളിഞ്ഞത്. സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് ഇഡിയുടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍

സ്വര്‍ണ്ണം കടത്തിയ ബാഗ് വിട്ടു കൊടുക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കസ്റ്റംസിനോട് ആവശ്യപ്പെട്ടോ. സ്വ‍ർണ്ണക്കടത്ത് കേസ് വിവാദം ഉയര്‍ന്നപ്പോള്‍ മുതല്‍ സംസ്ഥാനത്തെ രാഷ്ട്രീയ കേന്ദ്രങ്ങളെ പിടിച്ചു കുലുക്കിയ പ്രധാന ചോദ്യമിതായിരുന്നു. ഈ വിവാദം കത്തിക്കയറുന്നതിനിടെയാണ് കസ്റ്റംസ് അസിസ്റ്റൻ്റ് കമ്മീഷണര്‍ അനീഷ് പി രാജന്‍ ഫോൺ വിളിച്ചിട്ടില്ലെന്ന് പറയുന്നത്.

കസ്റ്റംസ് ഉദ്യോഗസ്ഥന്‍റെ ഈ വാക്കുകളായിരുന്നു പിന്നിട് സിപിഎമ്മിന്‍റെ ആയുധം. ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് തന്നെ വ്യക്തമാക്കിയതല്ലേ എന്നു പറഞ്ഞ് മുഖ്യമന്ത്രിയും ആരോപണങ്ങളെ നേരിട്ടു. അനീഷ് രാജന്‍റെ പ്രതികരണം കസ്റ്റംസ് തലപ്പത്തും അതൃപ്തിയുണ്ടാക്കി. തുടര്‍ന്ന് അദ്ദേഹത്തെ സ്ഥലം മാറ്റി. 

എങ്കിലും തുടര്‍ന്ന് നടന്ന അന്വേഷണത്തിന്‍റെ ഒരു ഘട്ടത്തിലും സ്വര്‍ണ്ണം വിട്ടുകൊടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായെന്ന കണ്ടെത്തല്‍ പുറത്തുവന്നില്ല. കേസ് അന്വേഷിച്ച എന്‍ഐഎയും കസ്റ്റംസും പലഘട്ടങ്ങളില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ ഇഡിയാണ് നിര്‍ണ്ണായകമായ ഈ വിവരം രേഖപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല ഈ മാസം 15 ന്  ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യം ശിവശങ്കര്‍ സമ്മതിച്ചുവെന്നും അറസ്റ്റ് റിപ്പോര്‍ട്ടില്‍ ഇഡി വ്യക്തമാക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെ നേരിട്ട് പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലാണ് ഇഡി നടത്തിയിരിക്കുന്നത്. 

മാത്രമല്ല രാഷ്ട്രീയമായും സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഈ കണ്ടെത്തല്‍ വലിയ തിരിച്ചടിയാണ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിനും പങ്കുണ്ടായിരിക്കാമെന്ന നിര്‍ണ്ണായക സൂചനയാണ് ഈ ഘട്ടത്തില്‍ ഇഡി മുന്നോട്ട് വെക്കുന്നത്. മാത്രമല്ല ഇതിനു മുമ്പ് സ്വർണ്ണം കടത്തിയപ്പോള്‍ ഇത്തരത്തില്‍ ഇടപെടല്‍ ശിവശങ്കര്‍ നടത്തിയിട്ടുണ്ടോയെന്നും ഇഡി സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സ്വപ്നയുടെ കുറ്റകൃത്യത്തില്‍ ശിവശങ്കറിന്‍റെ കൂടി പങ്കാളിത്തമാണ് ഇഡി അന്വേഷിക്കുന്നത്.  

നേരത്തെ പുറത്തുവന്ന കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തേക്കാള്‍ ഗൗരവമായ പങ്ക് ശിവശങ്കറിന് ഈ കേസില്‍ ഉണ്ടെന്നാണ് ഇഡിയുടെ അനുമാനം. ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഇന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചത്.