ഒന്നാം തരംഗത്തിൽ നിന്ന് വ്യത്യസ്തമായി അടുത്ത സമ്പർക്കത്തിലൂടെ അല്ലാതെയും രോഗം പകരും. വാക്സിനേഷൻകേന്ദ്രങ്ങളിലും പരിശോധന കേന്ദ്രങ്ങളിലും തിരക്ക് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിശക്തമായ സാഹചര്യത്തിൽ അടുത്ത ഒരാഴ്ച സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് പുതിയ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും. അടിയന്തര ഘട്ടത്തിൽ ആയുർവേദ ആശുപത്രികൾ കൊവിഡ് ചികിത്സ കേന്ദ്രങ്ങൾ ആക്കും. ഒന്നാം തരംഗത്തിൽ നിന്ന് വ്യത്യസ്തമായി അടുത്ത സമ്പർക്കത്തിലൂടെ അല്ലാതെയും രോഗം പകരും. വാക്സിനേഷൻകേന്ദ്രങ്ങളിലും പരിശോധന കേന്ദ്രങ്ങളിലും തിരക്ക് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ...

അടുത്ത ഒരാഴ്ച കര്‍ക്കശമായ നിയന്ത്രണം ഏർപ്പെടുത്തും. 4ാം തീയതി മുതൽ ഞായറാഴ്ച വരെ കടുത്ത നിയന്ത്രണം ഏ‍ര്‍പ്പെടുത്തും. നിയന്ത്രണവുമായി ബന്ധപ്പെട്ട് കൃത്യമായ മാനദണ്ഡം ഉണ്ടാകും. വിശദാംശം പിന്നീട് നൽകും. അതേപോലെ ചില കാര്യങ്ങൾ ഡിസാസ്റ്റ‍ര്‍ മാനേജ്മെന്റ് ആക്ട് ഉപയോഗിക്കേണ്ടി വരുന്നു. അത്തരം ഇടത്ത് അത് ഉപയോഗിക്കും. ഓക്സിജൻ ഗതാഗതത്തിൽ ഒരു പ്രശ്നവും ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തും. പൊലീസ് അക്കാര്യത്തിൽ ഫലപ്രദമായി ഇടപെടും. ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ ഇപ്പോൾ ആഭ്യന്തര സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും പ്രവ‍ര്‍ത്തിക്കുന്നുണ്ട്. വ്യവസായ വകുപ്പ് സെക്രട്ടറിയെ കൂടി ഇക്കാര്യത്തിൽ ഉൾപ്പെടുത്തി. ഓക്സിജൻ സിലിണ്ടറുമായി പോകുന്ന വാഹനങ്ങളിൽ ഓക്സിജൻ എമ‍ര്‍ജൻസി സ്റ്റിക്ക‍ര്‍ പതിക്കണം. മുൻവശത്തും പിൻവശത്തും വ്യക്തമായി കാണാനാവണം. തിരക്കിൽ വാഹനം പരിശോധന ഇല്ലാതെ വേഗം കടത്തിവിടാൻ ഇത് സഹായിക്കും. മരുന്നുകളും മെഡിക്കൽ ഉപകരണവുമായി പോകുന്ന വാഹനങ്ങളിലും ഇത്തരത്തിൽ സ്റ്റിക്കര്‍ പതിക്കണം. 

ഓക്സിജൻ ഉൽപ്പാദകരുടെ യോഗം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തി. ലഭ്യത ഉറപ്പാക്കാൻ ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിയുണ്ടാക്കി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥ‍ര്‍ ഉൾപ്പെട്ട ഓക്സിജൻ വാ‍ റൂം സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഉണ്ടാക്കും.
ഓരോ ജില്ലയിലും ലഭ്യമായ ഓക്സിജൻ സ്റ്റോക്കിന്റെ കണക്ക് ജില്ലാ കളക്ട‍ര്‍മാര്‍ ശേഖരിക്കും. ടിവി സീരിയൽ ഷൂട്ടിങ് തത്കാലം നിര്‍ത്തിവെക്കും. പച്ചക്കറി മീൻ മാര്‍ക്കറ്റുകളിൽ കച്ചവടക്കാര്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം. ഇവ‍ര്‍ രണ്ട് മാസ്കുകളും കൈയ്യുറയും ഉപയോഗിക്കണം. വീട്ടുസാധനങ്ങൾ വീടുകളിൽ എത്തിച്ച് നൽകാൻ കച്ചവടക്കാര്‍ മുന്തിയ പരിഗണന നൽകണം. ഡെലിവറി ബോയ്സിനെ നിര്‍ത്തുന്നത് നന്നായിരിക്കും. മാര്‍ക്കറ്റിൽ തിരക്ക് കുറയ്ക്കാനാവും.

പത്തനംതിട്ടയിൽ വിവിധ സ്ഥലങ്ങളിൽ അതിഥി തൊഴിലാളി ക്യാംപുകളിൽ ആരോഗ്യ സംവിധാനം കൂടുതലായി ഉറപ്പാക്കി. അതിഥി തൊഴിലാളികൾക്ക് മുൻഗണനാ ക്രമത്തിൽ വാക്സീൻ ലഭ്യമാക്കുന്നത് പരിഗണിക്കും. ഇഷ്ടിക കളങ്ങളിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്കിടയിലും രോഗവ്യാപനമുണ്ട്. ഇവിടെ ക്വാറന്റൈൻ ഉറപ്പാക്കാൻ നിര്‍ദ്ദേശം നൽകി. സാമൂഹിക വ്യാപനം ഇല്ലാതെ നടത്തുന്ന പ്രവര്‍ത്തനം നിര്‍ത്തിവെക്കണം. ബാങ്കുകളുടെ പ്രവര്‍ത്തി സമയം ഉച്ചക്ക് രണ്ട് വരെ നിജപ്പെടുത്തിയതാണ്. എന്നാൽ ചില ബാങ്കുകളുടെ ഏതാനും ശാഖകൾ ഇതിന് ശേഷവും പ്രവര്‍ത്തിക്കുന്നു. ചിലവ ഓഫീസിലെ പ്രവര്‍ത്തനം രണ്ട് മണിക്ക് അവസാനിപ്പിച്ച് ജീവനക്കാരെ ഓഫീസിന് പുറത്ത് ജോലിക്ക് നിശ്ചയിക്കുന്നു. അതിന് ടാര്‍ജറ്റ് നിശ്ചയിച്ച് ക‍ര്‍ക്കശമാക്കുന്നു. അത് ശരിയല്ല. ബാങ്കുകൾ രണ്ട് മണിക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കണം.

വാര്‍ഡ് തല സമിതികളുടെ പ്രവര്‍ത്തനം കൂടുതൽ ശക്തിപ്പെടുത്തും. കൊവിഡ് നിരീക്ഷണ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ പൊലീസ് ജില്ലയിലും നൂറ് പേരെ കുറഞ്ഞത് ജനമൈത്രി സന്നദ്ധ പ്രവ‍ര്‍ത്തകരാക്കും.പത്ത് ദിവസത്തിലേറെ ജോലി ചെയ്യുന്ന വളണ്ടിയര്‍മാ‍ക്ക് പ്രശംസാ പത്രവും കാഷ് അവാ‍ര്‍ഡും നൽകും. ഇവ‍ര്‍ക്ക് ആം ബാഡ്ജ് നൽകും. 24 മണിക്കൂറിനിടെ മാസ്ക് ധരിക്കാത്ത 22403 പേ‍ര്‍ക്കെതിരെ മാസ്ക് ധരിക്കാത്തതിനും 8846 കേസുകൾ അകലം പാലിക്കാത്തതിനും രജിസ്റ്റ‍ര്‍ ചെയ്തു. 6315100 രൂപയാണ് പിഴയായി ഈടാക്കിയത്.

റോഡുകളിൽ വാഹനം കുറഞ്ഞു. തിരുവനന്തപുരത്ത് 30 ശതമാനം കുറഞ്ഞു. സ്വകാര്യ ആശുപത്രികളിൽ കാര്യമായ രോഗം ഇല്ലാത്തവരെ കിടത്തി ചികിത്സിക്കുന്നു. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പ് ഇടപെടും. പ്രാദേശിക തലത്തിലെ സവിശേഷമായ ഇടപെടലാണ് പ്രതിസന്ധി മറികടക്കാൻ ആവശ്യം. ജില്ലാ തലത്തിൽ പ്രതിരോധ പ്രവര്‍ത്തനം ആസൂത്രണം ചെയ്ത് നടപ്പിലാക്കണം.തിരുവനന്തപുരത്ത് ഓക്സിജൻ ലഭ്യത കൊവിഡ് രോഗികൾക്ക് ഉറപ്പാക്കാൻ പ്രത്യേക ക്രമീകരണം ഉണ്ടാക്കി. ആശുപത്രികളിലെ ഓക്സിജൻ വിതരണവും ഏകോപനവും പരിശോധിക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു.ഓക്സിജൻ സിലിണ്ടറുകളുടെ അഭാവം മൂലം ഗുരുതര സാഹചര്യം ഉണ്ടാകാതിരിക്കാൻ ജില്ലയിലെ എല്ലാ കൊവിഡ് സെന്ററുകളെയും തൊട്ടടുത്ത ആശുപത്രികളുമായി ബന്ധിപ്പിച്ച് സേവനം ഉറപ്പാക്കും.

കൊല്ലത്ത് കൊവിഡ് മാനദണ്ഡം ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കും. കണ്ടെയ്ൻമെന്റ് സോണിലെ റേഷൻ കടകളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തും. കോട്ടയത്ത് വീടുകളിൽ കഴിയുന്ന കൊവിഡ് രോഗികൾക്ക് ഓക്സിജൻ നില പരിശോധിക്കുന്നതിനും ഓക്സിജൻ ലഭ്യമാക്കുന്നതിനും പ്രാദേശിക ഓക്സിജൻ പാ‍ര്‍ലര്‍ തുറക്കും. ആദ്യത്തേത് മണക്കാട് സെന്റ് മേരീസ് പള്ളിയിലെ സിഎഫ്എൽടിസിയിൽ ആരംഭിക്കും.

അടിയന്തര ഘട്ടത്തിൽ ആയുർവേദ ആശുപത്രികൾ കോവിഡ് ചികിത്സ കേന്ദ്രങ്ങൾ ആക്കും. മലപ്പുറം ജില്ലയിൽ മരുന്ന് ഓക്സിജൻ ലഭ്യത ഉറപ്പു വരുത്തി. കോഴിക്കോട് 75,000 പേരെ ചികിൽസികാവുന്ന ഒരുക്കാൻ നടത്തുന്നു. കണ്ണൂരിൽ ഓക്സിജൻ മാനേജ്‌മെന്റിന് പ്രത്യേക പദ്ധതി രൂപീകരിക്കും. ഒരു തദ്ദേശ സ്ഥാപനത്തിലെ പകുതിയിലേറെ വാർഡുകൾ കണ്ടെയിൻമെന്റ് മേഖല ആയാൽ ആ തദ്ദേശ ഭരണ മേഖല മുഴുവൻ കണ്ടെയിൻമെന്റ് മേഖല ആകും.ഹോം ഐസൊലേഷൻ നിർദേശിക്കപ്പെട്ടവർ മെഡിക്കൽ ഓഫീസറുടെ നിർദേശ പ്രകാരം മാത്രമേ ആശുപത്രിയിൽ പോകാവൂ. കാസർഗോഡ് ചട്ടഞ്ചാൽ വ്യവസായ പാർക്കിൽ ഓക്സിജൻ പാർക്ക് സ്ഥാപിക്കും. സംസ്ഥാനത്ത് പുതിയ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും. 

രോഗ വ്യാപനം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ജനിതക വ്യതിയാനം സംഭവിച്ച വൈറസ് സാന്നിദ്ധ്യം പ്രശ്നമാണ്. ഒരു മാസ്കിന് മുകളിൽ മറ്റൊരു മാസ്‌ക് ധരിക്കുന്നത് നല്ലതാണ്. ഓഫീസുകൾക്കുള്ളിൽ ജോലി ചെയ്യുന്നവർ ഇത് കൃത്യമായി പാലിക്കണം. ഒന്നാം തരംഗത്തിൽ നിന്ന് വ്യത്യസ്തമായി അടുത്ത സമ്പർക്കത്തിലൂടെ അല്ലാതെയും രോഗം പടരുന്നു. ജനിതക വ്യതിയാനം സംഭവിച്ച വൈറസുകൾ വേഗം പടരും. വാക്സിനേഷൻ കേന്ദ്രങ്ങളിലും പരിശോധന കേന്ദ്രങ്ങളിലും തിരക്ക് ഒഴിവാക്കണം. ലോക്ക് ഡൗണ് അവസാന കൈയ്യാണ്. ശനിയും ഞായറും ഉള്ള അതേ അവസ്ഥ ചൊവ്വാഴ്ച മുതൽ ഒമ്പതാം തീയതി വരെ ഉണ്ടാകും. ഹോം ഡെലിവറി കൂടുതൽ ഉണ്ടാകണം. ഇത് പരിശോധിച്ച ശേഷം കൂടുതൽ നടപടികൾ വേണമോ എന്ന് തീരുമാനിക്കും.