Asianet News MalayalamAsianet News Malayalam

'പഠിച്ചതല്ലേ അവർക്ക് പാടാനാകൂ? ഞങ്ങള് പഠിച്ചത് ആ കളരിയിലല്ല'; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

ഇതുപൊലെയൊരു സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ടി എന്തു ചെയ്യാനാകുമെന്നല്ലേ ചിന്തിക്കേണ്ടത്. മനുഷ്യരെ ബാധിക്കുന്ന കൊവിഡ് മഹാമാരിയാണെന്ന് തിരിച്ചറിഞ്ഞ് നടപടിയെടുക്കലാണ് സർക്കാരിന്റെ ലക്ഷ്യം. 

cm pinarayi criticize opposition
Author
Thiruvananthapuram, First Published Jun 23, 2020, 7:34 PM IST

തിരുവനന്തപുരം: കൊവിഡ് കാലത്ത് സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുപൊലെയൊരു സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ടി എന്തു ചെയ്യാനാകുമെന്നല്ലേ ചിന്തിക്കേണ്ടത്. മനുഷ്യരെ ബാധിക്കുന്ന കൊവിഡ് മഹാമാരിയാണെന്ന് തിരിച്ചറിഞ്ഞ് നടപടിയെടുക്കലാണ് സർക്കാരിന്റെ ലക്ഷ്യം. അതിനിടയിൽ വിവാദങ്ങളുണ്ടാക്കുന്നത് അം​ഗീകരിക്കാനാവില്ല. അവരുടെ കളരിയിലല്ല തങ്ങൾ പഠിച്ചതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ

പ്രതിപക്ഷം ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. മരണവീട്ടിൽ വരുന്നതിനൊക്കെ നിയന്ത്രണങ്ങളേർപ്പെടുത്തിയാലും പ്രാവർത്തികമാകാൻ ചില പരിമിതികളുണ്ട്. മരണം നടന്നെന്ന് കേട്ടാൽ ആളുകൾ അവിടേക്ക് സ്വാഭാവികമായും വരും. അതുപോലെയാണോ സമരത്തിന് ആളുകൾ തിക്കിത്തിരക്കി പങ്കെടുക്കുന്നത്. അതൊരു നല്ല മാതൃകയാണോ. ആ മാതൃകയാണോ പ്രതിപക്ഷം ജനങ്ങൾക്ക് കാട്ടിക്കൊടുക്കുന്നത്. സിപിഎം നേതാവും ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയുമായ പി കെ കുഞ്ഞനന്തന്റെ സംസ്കാരത്തിൽ ആളുകൾ പങ്കെടുത്തതിനെ വിമർശിച്ച പ്രതിപക്ഷ നടപടി സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. 

ആരോ​ഗ്യമന്ത്രിയെക്കുറിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത് കോൺഗ്രസിന്‍റെ വാക്കുകളാണെന്നല്ലേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. കോൺഗ്രസ് ഇത്ര അധഃപ്പതിച്ചെന്നാണോ അതിന്‍റെ അർത്ഥം. മലയാളമനോരമ പിന്നെ എന്തിനാണ് മുല്ലപ്പള്ളിക്ക് എതിരെ മുഖപ്രസംഗമെഴുതിയത്? വേണ്ടാത്ത കാര്യങ്ങൾക്ക് വക്കാലത്ത് പിടിക്കരുത് കേട്ടോ?

ഞാൻ ഉന്നയിച്ചത് ഈ നാട് നടത്തുന്ന പോരാട്ടം ഒരു ദുരന്തത്തിന് എതിരെയാണ് എന്നാണ്. മന്ത്രിയെ അതിൽ നിന്ന് വേർതിരിച്ച് അപഹസിക്കുന്ന നില വന്നു. അതിന്‍റെ ഉദ്ദേശ്യമെന്താണ്. അതും ഇതും തമ്മിൽ എന്താണ് ബന്ധം? 

ഇവിടെ മുല്ലപ്പള്ളിയെന്ന കെപിസിസി പ്രസിഡന്‍റ് ആ സ്ഥാനത്ത് നിന്ന് നടത്തിയ പദപ്രയോഗം അത്യന്തം ഹീനമെന്ന് ഈ നാട്ടിലെ ചിന്തിക്കുന്നവരെല്ലാം പറയുന്നു. അത് കോൺഗ്രസിന്‍റെ വാക്കുകളെന്ന് പ്രതിപക്ഷനേതാവ് പറയുന്നു. അത് ശരിയാണോ? അവരവര് പഠിച്ചതല്ലേ അവർക്ക് പാടാനാകൂ? ഞങ്ങള് പഠിച്ചത് ആ കളരിയിലല്ല. മനുഷ്യരെ ബാധിക്കുന്നതാണ് കൊവിഡെന്ന മഹാമാരി എന്നത് തിരിച്ചറിഞ്ഞ് നടപടിയെടുക്കലാണ് ഞങ്ങളുടെ ലക്ഷ്യം. സൈബർ ഗുണ്ടയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി തരം താഴരുത് എന്നാണ് പ്രതിപക്ഷനേതാവ് പറഞ്ഞത്. അതിന് ഞാനിപ്പോ എന്താ മറുപടി പറയേണ്ടത്.

Follow Us:
Download App:
  • android
  • ios