തിരുവനന്തപുരം: ഇടുക്കിയിൽ ഇന്ന് പുതിയ മൂന്ന് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന കാര്യത്തിൽ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിൽ ആശയക്കുഴപ്പത്തിന്റേതായ യാതൊരു കാര്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് ഇടുക്കിയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചെന്ന തരത്തിൽ ജില്ലാ കളക്ടറുടെ പ്രഖ്യാപനം വന്നത്. എന്നാൽ, വൈകീട്ട് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഇത് പരാമർശിച്ചില്ല. അതേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

"ഇതിൽ ആശയക്കുഴപ്പത്തിന്റേതായ യാതൊരു കാര്യവുമില്ല. ഒരാൾക്കു രോ​ഗമുണ്ടെന്ന് സംശയം തോന്നിയാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കണം. അത് നടന്നിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തെ ഏതു ​ഗണത്തിൽ പെടുത്തണം എന്നത് സംബന്ധിച്ച് ഒന്നുകൂടി വ്യക്തത വരുത്തേണ്ടതുണ്ട്."- മുഖ്യമന്ത്രി പറഞ്ഞു