തിരുവനന്തപുരം: സിബിഐ അന്വേഷണം തടയാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന ചെന്നിത്തലയുടെ ആരോപണത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ അറിവില്‍ സിബിഐക്കെതിരായ നിയമ നിര്‍മ്മാണം ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിബിഐയെ തടയാനുള്ള ചില തീരുമാനം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ തങ്ങളിതുവരെ അങ്ങനെ തീരുമാനം എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട ഫയല്‍ നിയമ വകുപ്പ് സെക്രട്ടറിയുടെ പരിഗണനയിലാണെന്നുമായിരുന്നു ചെന്നിത്തലയുടെ ആരോപണം. ഓര്‍ഡിനന്‍സിനെതിരെ ആദ്യം ഗവര്‍ണറെയും പിന്നീട് കോടതിയെയും സമീപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

മടിയില്‍ കനമുള്ളതുകൊണ്ടാണോ സിബിഐയെ പേടിക്കുന്നത്? ഇതില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണം. എഫ്സിആര്‍എ നിയമപ്രകാരമാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുമെന്നും ചെന്നിത്തല വ്യക്തമാക്കി.

അന്വേഷണത്തെ തടസപ്പെടുത്താനാണ് നീക്കം. നിയമ വിരുദ്ധമായ നടപടികളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എല്ലാ അഴിമതിക്കാരും കുടുങ്ങും എന്നതിനാലാണ് ഈ നീക്കം. മാവോയിസ്റ്റ് ജലീലിനെ അടക്കം വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയാണ്. ചരിത്രത്തിലെ കറുത്ത അധ്യായമാണിത്. മാവോയിസ്റ്റ് ആണെന്ന് പറഞ്ഞ് എല്ലാവരെയും വെടിവെച്ച് കൊല്ലാന്‍ സര്‍ക്കാരിന് അധികാരം നല്‍കിയതാരാണ്? മജിസ്റ്റീരിയല്‍ അന്വേഷണം കൊണ്ട് കേസ് തെളിയില്ലെന്നും അദ്ദേഹം പറഞ്ഞു.