തിരുവനന്തപുരം: ശമ്പള പിടിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ച പ്രതിപക്ഷ അധ്യാപക സംഘടനയ്ക്ക് മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം. ഇവരുടെ  മനോഭാവത്തിന്‍റെ പ്രശ്നമാണെന്നും എന്നാൽ  നടപടി ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി  സോഷ്യൽ മീഡിയകളിലൂടെ അടക്കം വ്യാപകമായ എതിർപ്പുകളാണ് അധ്യാപകർക്കെതിരെ ഉയരുന്നത്.

വിഷു കൈനീട്ടവും സക്കാത്തും  അടക്കം കുട്ടികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചാണ്  പ്രതിപക്ഷ അധ്യാപക സംഘടനയെ മുഖ്യമന്ത്രി വിമർശിച്ചത്.  സഹജീവികളോട് കരുതൽ വേണമെന്നും അദ്ദേഹം കൂട്ടിചേർത്തു. ശമ്പളം പിടിക്കാനുള്ള തീരുമാനത്തിനെതിരെ കേരള പ്രൈവറ്റ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ അംഗങ്ങളാണ്  ഉത്തരവ് കത്തിച്ചത്.

ഉത്തരവ് കത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇവർ പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. ഈ അധ്യാപകർക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. വേതനമില്ലാതെ സാധാരണക്കാർ വീട്ടിലിരിക്കുമ്പോൾ ഒരു മാസത്തെ ശമ്പളം അഞ്ച് തവണയായി  നൽകാൻ അധ്യാപകർ മടിക്കുന്നതിനെ എതിർത്ത് വിദ്യാർത്ഥികളും സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു.  

എന്നാൽ തങ്ങളുടേത് സമാധാനപരമായ പ്രതിഷേധം മാത്രമാണെന്നും ചില തൽപര കക്ഷികൾ കരുതി കൂട്ടി  വിവാദങ്ങൾ ഉണ്ടാക്കുകയാണെന്നുമാണ് സംഘടനയുടെ വിശദീകരണം. പ്രതിപക്ഷ സംഘടനകളുടെ നിലപാടാണ് ചർച്ചയ്ക്ക് അവസരം നിഷേധിച്ചതെന്ന ധനമന്ത്രിയുടെ വിശദീകരണം വസ്തുത വിരുദ്ധമാണെന്നും ഉത്തരവിനെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും നേതാക്കൾ അറിയിച്ചു