ആലപ്പുഴയിൽ എൽഡിഎഫിൻ്റെ മെഗാ റാലിയിൽ സംസ്ഥാനത്തെ പ്രതിപക്ഷത്തെയും കേന്ദ്രസ‍ർക്കാരിനെയും വിമർശിച്ച് മുഖ്യമന്ത്രി

ആലപ്പുഴ: ആലപ്പുഴയിൽ എൽഡിഎഫിൻ്റെ മെഗാ റാലിയിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. റാലിയുടെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്താണ് മുഖ്യമന്ത്രി കേന്ദ്രത്തിനെതിരെ വിമർശന ശരങ്ങൾ തൊടുത്തത്. ഒരു നാടിനോടും ജനതയോടും കാണിക്കാൻ പാടില്ലാത്ത ക്രൂരമായ അവഗണനയാണ് കേന്ദ്രസ‍ർക്കാർ കേരളത്തോട് കാണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫിനെതിരെയും മുഖ്യമന്ത്രി വിമ‍ർശനം ഉന്നയിച്ചു.

കൊവിഡ് കാലത്ത് യുഡിഎഫ് ആയിരുന്നു കേരളം ഭരിച്ചതെങ്കിൽ എന്താകുമായിരുന്നു സ്ഥിതിയെന്ന് അദ്ദേഹം ചോദിച്ചു. മറ്റു രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും സംഭവിച്ചത് ഇവിടെയും സംഭവിക്കുമായിരുന്നു. കേരളത്തോട് കേന്ദ്രത്തിന് ശത്രുതാ ഭാവമാണ്. നമ്മുടെ നാട് രാജ്യത്തിൻ്റെ ഭാഗമല്ലേ? രാജ്യത്തിന് അപമാനമുണ്ടാക്കുന്ന എന്തെങ്കിലും നമ്മുടെ നാട് ചെയ്തോ? എന്നിട്ടും പ്രളയ കാലത്ത് പോലും കേന്ദ്രസ‍ർക്കാർ സഹായം ചെയ്തില്ല. സഹായിക്കാൻ തയാറായ രാജ്യങ്ങളെ വിലക്കി. സഹായം തേടി വിദേശത്ത് പോകാനുള്ള അനുമതി മന്ത്രിമാർക്ക് നിഷേധിച്ചു. പ്രത്യേക രീതിയിലുള്ള ശത്രുതാ ഭാവമാണ് കേരളത്തോട് കേന്ദ്രത്തിനെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പ്രതിപക്ഷം നമ്മുടെ നാടിൻ്റെ ഭാഗമല്ലേ എന്നായിരുന്നു അദ്ദേഹം ചോദിച്ച മറ്റൊരു കാര്യം. പ്രളയകാലത്ത് ജീവനക്കാർ ശമ്പളം വായ്പ കൊടുക്കാൻ അഭ്യർത്ഥിച്ചപ്പോൾ പ്രതിപക്ഷം എതിർത്തു. അന്ന് സഹായിക്കാൻ തയാറാകാത്ത കേന്ദ്രത്തിനെതിരെ പ്രതിപക്ഷം അരയക്ഷരം പറഞ്ഞോ? നമ്മുടെ നാടിൻ്റെ ഐക്യത്തിന് മുന്നിൽ ഒന്നും അസാധ്യമല്ല എന്ന് കേരളം തെളിയിച്ചു. കേന്ദ്രവിഹിതം വെട്ടിക്കുറച്ചും സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കാൻ കേന്ദ്രസർക്കാ‍ർ ശ്രമിച്ചു. വിഹിതം കേന്ദ്രസർക്കാരിൻ്റെ ഔദാര്യമല്ലെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിനായി 5595 കേരളം മുടക്കി. 2400 കോടി രൂപ അദാനി മുടക്കി. കേന്ദ്രം വിജിഎഫ് ഇനത്തിൽ 817 കോടി രൂപ ഗ്രാൻ്റായി നൽകുന്നതിന് പകരം കടമായി നൽകി. എൽഡിഎഫ് ഉയർത്തിയ വിമർശനം ശരിയെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകൾ. സംസ്ഥാന താൽപര്യം സംരക്ഷിക്കുന്ന കരാറല്ല യുഡിഎഫ് സർക്കാർ അദാനി കമ്പനിയുമായി ഒപ്പിട്ടത്. ആ വിമർശനം ഇപ്പോഴും നിലനിർത്തിയാണ് വിഴിഞ്ഞം പദ്ധതിയുമായി എൽഡിഎഫ് സർക്കാർ സഹകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.