Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിക്കും മകള്‍ക്കും കൊള്ളയില്‍ പങ്കുണ്ട്, ആരോപണങ്ങള്‍ ഇഡി തെളിയിക്കട്ടെ; നിലപാട് കടുപ്പിച്ച് ജോര്‍ജ്

മുഖ്യമന്ത്രിക്കും മകള്‍ക്കും കൊള്ളയില്‍ പങ്കുണ്ട്. മുഖ്യമന്ത്രിക്ക് പിന്നാലെ മകളും വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഫാരിസ് അബൂബക്കറുമായുള്ള ബിസിനസ് നീക്കങ്ങളാണ് ഇതിന് പിന്നിലുള്ളത്. 

cm pinarayi vijayan and daughter involved in loot pc george stiffened his stance
Author
Kottayam, First Published Jul 3, 2022, 7:40 AM IST

കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരെ ആരോപണങ്ങള്‍ കടുപ്പിച്ച് ജനപക്ഷം നേതാവ് പി സി ജോര്‍ജ്. വീണാ വിജയന്‍റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് പി സി ജോര്‍ജ് ആവശ്യപ്പെട്ടു.  മുഖ്യമന്ത്രിക്കും മകള്‍ക്കും കൊള്ളയില്‍ പങ്കുണ്ട്. മുഖ്യമന്ത്രിക്ക് പിന്നാലെ മകളും വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്ന് ജോര്‍ജ് ആരോപിച്ചു.

ഫാരിസ് അബൂബക്കറുമായുള്ള ബിസിനസ് നീക്കങ്ങളാണ് ഇതിന് പിന്നിലുള്ളത്. ആരോപണങ്ങള്‍ ശരിയാണോ എന്ന് ഇഡി തെളിയിക്കട്ടെ. ചോദ്യം ചെയ്യുന്നവരെ അകത്താക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. തന്‍റെ ഭാര്യയുള്‍പ്പടെയുള്ളവരെ പ്രതിയാക്കാന്‍ നീക്കം നടക്കുകയാണ്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു. 

സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ പരാതിയിൽ ഇന്നലെ ഉച്ചയ്ക്കാണ് ജോർജിനെ അപ്രതീക്ഷിതമായി തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ രാത്രി പ്രോസിക്യൂഷൻവാദങ്ങൾ തള്ളി കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. മുഖ്യമന്ത്രിക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഡോൺ ഫാരിസ് അബൂബക്കർ ആണെന്നും മകളുടെ സ്ഥാപനം വഴി ആണ് ഇടപാടെന്നും ജോർജ് നേരത്തെയും ആരോപിച്ചിരുന്നു.  മുഖ്യമന്ത്രിക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇഡിയെ സമീപിക്കാനാണ് ജോർജിന്റ നീക്കം.

പിണറായി വിജയനാണ് തന്‍റെ അറസ്റ്റിന് പിന്നിലെന്നാണ് പിസി ജോര്‍ജ് ആവര്‍ത്തിച്ച് ആരോപിക്കുന്നത്. ജാമ്യം കിട്ടിയതിന് പിന്നാലെ നടത്തിയ പ്രതികരണവും മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു.  സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ പുതിയ ആരോപണങ്ങളും ജോർജ് ഉന്നയിച്ചു. നേരത്തെ സിപിഎം വിഭാഗീയതയുടെ കാലത്ത് പിണറായിയുമായി ചേർത്ത് ഉയർന്ന വ്യവസായി ഫാരിസ് അബൂബക്കറിറെ പേര് പരാമര്‍ശിച്ചായിരുന്നു ജോർജിന്‍റെ ആരോപണം. ഇതോടെ വിവാദം കൂടുതൽ മുറുകുകയാണ്. 

Follow Us:
Download App:
  • android
  • ios