സഖാവ് പിണറായി വിജയന്‍റെ വിവാഹത്തിനുള്ള പാര്‍ട്ടിയുടെ ക്ഷണക്കത്ത് പങ്കുവെച്ചാണ് മന്ത്രി വി ശിവന്‍കുട്ടി ആശംസകള്‍ നേര്‍ന്നത്. അന്നത്തെ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ചടയന്‍ ഗോവിന്ദന്‍റെ പേരിലാണ് ക്ഷണക്കത്ത്.
തിരുവനന്തപുരം: വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും ആശംസകള്‍ നേര്‍ന്ന് നേതാക്കള്‍. സഖാവ് പിണറായി വിജയന്‍റെ വിവാഹത്തിനുള്ള പാര്‍ട്ടിയുടെ ക്ഷണക്കത്ത് പങ്കുവെച്ചാണ് മന്ത്രി വി ശിവന്‍കുട്ടി ആശംസകള്‍ നേര്‍ന്നത്. അന്നത്തെ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ചടയന്‍ ഗോവിന്ദന്‍റെ പേരിലാണ് ക്ഷണക്കത്ത്.
സ. പിണറായി വിജയനും തൈക്കണ്ടിയില്‍ ആണ്ടിമാസ്റ്ററുടെ മകള്‍ ടി.കമലയും തമ്മിലുള്ള വിവാഹം 1979 സെപ്തംബര്‍ 2-ാം തീയതി ഞായറാഴ്ച രാവിലെ 11 മണിക്ക് തലശ്ശേരി ടൗണ്‍ ഹാളില്‍ വച്ച് നടക്കുന്നതാണ്. താങ്കളുടെ സാന്നിദ്ധ്യം അഭ്യര്‍ത്ഥിക്കുന്നു എന്നായിരുന്നു ക്ഷണക്കത്തിലെ വാചകങ്ങള്‍. നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേരാണ് മുഖ്യമന്ത്രിക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ ആശംസകള്‍ നേരുന്നത്. കഴിഞ്ഞ വര്‍ഷം വാര്‍ഷിക ദിനത്തില്‍ ഭാര്യ കമലയോടൊപ്പമുള്ള ചിത്രം മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.
ഒരുമിച്ചുള്ള 42 വര്‍ഷങ്ങള്‍ എന്നായിരുന്നു അന്ന് അദ്ദേഹത്തിന്‍റെ പോസ്റ്റ്. ഇത്തവണ ഇന്‍സ്റ്റഗ്രാമിലാണ് ഭാര്യക്കൊപ്പമുള്ള ചിത്രം പിണറായി വിജയന്‍ പങ്കുവെച്ചത്. ഭാര്യ കമലയുമായി പൊതുവേദിയിൽ സംസാരിച്ചിരിക്കുന്ന ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. 1979 സെപ്റ്റംബര്‍ രണ്ടിനാണ് വടകര ഒഞ്ചിയം തൈക്കണ്ടി സ്വദേശിനിയായ കമലയും പിണറായി വിജയനും തമ്മിലുള്ള വിവാഹം നടന്നത്.
തലശേരി സെന്‍റ് ജോസഫ് സ്കൂളിലെ അധ്യാപികയായിരുന്നു കമല. വിവാഹിതനാകുമ്പോള്‍ കൂത്തുപറമ്പ് എംഎല്‍എയും കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു പിണറായി വിജയന്‍. അടിയന്തരാവസ്ഥക്കാലത്തെ പീഡനങ്ങൾക്കും ജയിൽവാസത്തിനും ശേഷമായിരുന്നു തൈക്കണ്ടിയില്‍ ആണ്ടിമാഷുടെ മകള്‍ ടി കമലയുമായുള്ള പിണറായി വിജയന്‍റെ വിവാഹം. ഇന്നലെ സെക്രട്ടറിയേററ് എംപ്ലോയ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഓണ പരിപാടിയിൽ മുഖ്യമന്ത്രിയും ഭാര്യയും പങ്കെടുത്തിരുന്നു.
