Asianet News MalayalamAsianet News Malayalam

'അഭിമാനകേരളം ചിന്തിക്കേണ്ട കൊലപാതക പരമ്പര, അന്വേഷണത്തില്‍ അസാധാരണമായ മികവ് കാട്ടിയവര്‍ക്ക് അഭിനന്ദനം'; മുഖ്യമന്ത്രി

പതിനാറ് വര്‍ഷത്തിനുളളില്‍ ആറു പേരെ കൊലപ്പെടുത്തിയ സംഭവങ്ങള്‍ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ അന്വേഷണത്തിന്‍റെയും പിന്‍ബലത്തില്‍ തെളിയിക്കാനാവുകയെന്നത് കുറ്റാന്വേഷണ ചരിത്രത്തില്‍ അസാധാരണ സംഭവമാണെന്നും മുഖ്യമന്ത്രി

cm pinarayi vijayan congratulates koodathai investigation team
Author
Calicut, First Published Oct 5, 2019, 9:17 PM IST

കോഴിക്കോട്: കൂടത്തായിയിലെ ദുരൂഹമരണങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്ന അന്വേഷണസംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍തന്നെ കൊലപാതകങ്ങളുടെ എല്ലാ ദുരൂഹതകളും നീക്കാനായ അന്വേഷണസംഘത്തിനും സഹായിച്ച ശാസ്ത്രീയ അന്വേഷണ സംഘത്തിലുള്ളവരെയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം സാംസ്കാരികമായും ബൗദ്ധികമായും ഏറെ മുന്നിലെന്ന് അഭിമാനിക്കുന്ന കേരളം തന്നെ ഇത്തരം കൊലപാതക പരമ്പരയ്ക്ക് സാക്ഷ്യം വഹിക്കുന്നതിലെ ആശങ്കയും പിണറായി പങ്കുവച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍

കോഴിക്കോട് ജില്ലയിലെ കൂടത്തായിയിലെ ദുരൂഹമരണങ്ങള്‍ തെളിയിക്കാന്‍ കേരള പോലീസ് നടത്തിയ പ്രയത്നം അഭിനന്ദനീയമാണ്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍തന്നെ ഈ കൊലപാതകങ്ങളുടെ എല്ലാ ദുരൂഹതകളും നീക്കാന്‍ നമ്മുടെ പോലീസിനായി. അന്വേഷണത്തിന് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥരെയും സഹായിച്ച ശാസ്ത്രീയ അന്വേഷണ സംഘത്തിലുള്ളവരെയും അഭിനന്ദിക്കുന്നു.

പതിനാറ് വര്‍ഷത്തിനുളളില്‍ ആറു പേരെ കൊലപ്പെടുത്തിയ സംഭവങ്ങള്‍ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ അന്വേഷണത്തിന്‍റെയും പിന്‍ബലത്തില്‍ തെളിയിക്കാനാവുകയെന്നത് കുറ്റാന്വേഷണ ചരിത്രത്തില്‍ അസാധാരണ സംഭവമാണ്. ആറ് മരണങ്ങളുടെയും രീതി, അവ നടക്കുമ്പോള്‍ ഇപ്പോള്‍ അറസ്റ്റിലായ സ്ത്രീയുടെ സാന്നിധ്യം എന്നിവയൊക്കെ സസൂക്ഷ്മം നിരീക്ഷിച്ച് നഷ്ടപ്പെട്ട അമ്പതിലേറെ കണ്ണികള്‍ കൂട്ടിയിണക്കി നടത്തിയ നീക്കങ്ങളിലൂടെയാണ് ഈ കേസ്സ് തെളിയിച്ചത്. കേസന്വേഷണത്തില്‍ മുൻപന്തിയിൽ തന്നെയാണ് എന്ന് കേരള പോലീസ് ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നു.

സാംസ്കാരികമായും ബൗദ്ധികമായും ഏറെ മുന്നിലെന്ന് അഭിമാനിക്കുന്ന കേരളം തന്നെ ഇത്തരം കൊലപാതക പരമ്പരയ്ക്ക് സാക്ഷ്യം വഹിച്ചത് ഏറെ ചിന്തിക്കാനും വക നല്‍കുന്നുണ്ട്.

 

Follow Us:
Download App:
  • android
  • ios