Asianet News MalayalamAsianet News Malayalam

'കുട്ടികളോടും വയോജനങ്ങളോടും കുശലം പറയാനുള്ള സമയമല്ലിത്'; ജനപ്രതിനിധികളോട് മുഖ്യമന്ത്രി

യുഡിഎഫ് നേതാക്കളും എംപിമാരുമായ കെ മുരളീധരനും രാജ്‌മോഹന്‍ ഉണ്ണിത്താനും കൊവിഡ് കാലത്ത് കുട്ടികളും മുതിര്‍ന്നവരുമായി സാമൂഹിക അകലം പാലിക്കാതെ സൗഹൃദം പങ്കിടുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. കൂടാതെ, തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജനപ്രതിനിധികളോട് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

CM Pinarayi Vijayan criticize K Muraleedharan and Rajmohan Unnithan
Author
thiruvananthapuram, First Published Jul 23, 2020, 7:30 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ജനപ്രതിനിധികളെ സാമൂഹിക അകലം ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 'ജനപ്രതിനിധികള്‍ക്ക് രോഗം ബാധിക്കുന്നത് ഗൗരവകരമായി കാണുന്നു. സുരക്ഷാ മുന്‍കരുതലില്‍ വീഴ്ചയുണ്ടാകരുത്. പൊതുചടങ്ങുകളിലും മറ്റും അകലം പാലിക്കാതെ ജനപ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ഒരു കുട്ടിയുടെ മുഖത്ത് ജനപ്രതിനിധി തൊട്ടുനില്‍ക്കുന്ന ചിത്രം കണ്ടു. റിവേഴ്‌സ് ക്വാറന്റീനില്‍ കഴിയേണ്ട വയോജനങ്ങളുടെ തൊട്ടടുത്ത് ഇരുന്ന് കുശലം പറയുന്ന ദൃശ്യവും കണ്ടു. വീടുകളില്‍ ചെന്ന് ചടങ്ങില്‍ പങ്കെടുത്ത് സൗഹൃദം പുലര്‍ത്തേണ്ട സമയമല്ലിത്' എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യുഡിഎഫ് നേതാക്കളും എംപിമാരുമായ കെ മുരളീധരനും രാജ്‌മോഹന്‍ ഉണ്ണിത്താനും കൊവിഡ് കാലത്ത് കുട്ടികളും മുതിര്‍ന്നവരുമായി സാമൂഹിക അകലം പാലിക്കാതെ സൗഹൃദം പങ്കിടുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. കൂടാതെ, തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജനപ്രതിനിധികളോട് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

'എംഎൽഎ ഉൾപ്പടെ നിരീക്ഷണത്തിൽ പോയിട്ടുണ്ട്. പരമപ്രധാനമായി ഉള്ളത് കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുക എന്നതാണ്. അതിനൊരു വിട്ടുവീഴ്ചയും ഉണ്ടായിക്കൂടാ. കേരളത്തില്‍ വരുന്ന ആഴ്ചകൾ സംസ്ഥാനത്ത് അതീവ നിർണായകമാണ്. നമ്മുടെ ഭാവി നിശ്ചയിക്കുന്നത് നാം തന്നെയാണ്. അത്യാവശത്തിന് മാത്രം പുറത്തിറങ്ങുന്നത് ശീലമാക്കണം. സന്നദ്ധപ്രവര്‍ത്തനത്തിന് തയ്യാറാകണം. പൊതുപ്രവര്‍ത്തകര്‍ ഇക്കാര്യത്തിൽ മാതൃക കാണിക്കണം എന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. 

തുടര്‍ച്ചയായി 1000 കടന്ന് കണക്ക്

സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ഇന്നും 1000 കടന്നു. 1078 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേര്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് മാത്രം 798 പേര്‍ക്ക് സമ്പർക്കം വഴി രോഗബാധയുണ്ടായി. അതിൽതന്നെ ഉറവിടമറിയാത്ത 65 പേരുമുണ്ട്. 104 പേർ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 115 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 16110 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

ബലിപെരുന്നാള്‍ ആഘോഷം പ്രോട്ടോക്കോള്‍ പാലിച്ച്; പെരുന്നാള്‍ നമസ്‍ക്കാരം പള്ളികളില്‍ മാത്രം

Follow Us:
Download App:
  • android
  • ios