സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുഖ്യമന്ത്രി കേക്ക് മുറിച്ചു

കൊച്ചി: സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കേക്ക് മുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് കേക്ക് മുറിച്ചത്. മന്ത്രിമാർക്ക് കേക്കിൻ്റെ മധുരം പങ്കുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന് പുറമെ മന്ത്രിമാരായ കെ രാജൻ, പി രാജീവ്, കെ കൃഷ്‌ണൻകുട്ടി, റോഷി അഗസ്റ്റിൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെബി ഗണേഷ് കുമാർ എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്. പരിപാടിക്ക് ശേഷം ഇവിടെ തന്നെ മന്ത്രിസഭാ യോഗവും ചേർന്നു.

വിപുലമായ ആഘോഷ പരിപാടികളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ 21ന് തുടങ്ങിയ ജില്ലാതല വാർഷികാഘോഷം മെയ് 30 വരെ വിപുലമായ പരിപാടികളോടെ നടക്കും. വിഴിഞ്ഞം തുറമുഖവും റോഡുകളുടെ നവീകരണവും വികസന നേട്ടമായി ഉയർത്തുന്ന സർക്കാർ വീണ്ടുമൊരു ഭരണ തുടർച്ചക്കുള്ള ശ്രമത്തിലാണ്. ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്തുവരുന്ന സര്‍ക്കാര്‍ തദ്ദേശ തെര‌ഞ്ഞെടുപ്പിന് മുന്നോടിയായി പെന്‍ഷന്‍ തുക കൂട്ടാനും ഒരുങ്ങുകയാണ്.

അതിനിടെ, സമസ്ത മേഖലകളിലും പരാജയപ്പെട്ടിട്ടും കോടികൾ ചെലവിട്ട് വാർഷികാഘോഷം നടത്താനുള്ള സർക്കാരിൻ്റെ തൊലിക്കട്ടി തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. ധനപ്രതിസന്ധി എല്ലാ മേഖലയിലും രൂക്ഷമായെന്നും സർക്കാർ അഴിമതി നിഴലിലാണെന്നും പ്രതിപക്ഷ നേതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 1977ലേതിനു സമാനമായ ഭൂരിപക്ഷത്തോടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ എത്തുമെന്നും സതീശൻ അവകാശപ്പെടുന്നു. 

YouTube video player