തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധ ഒറ്റക്കെട്ടായി സംസ്ഥാനം നേരിടുമ്പോള്‍ ഈസ്റ്റര്‍ പകരുന്ന അതിജീവനത്തിന്റെ സന്ദേശം മുന്നോട്ട് വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ ഈസ്റ്ററാണല്ലോ എന്ന് പറഞ്ഞാണ് കൊവിഡ് പശ്ചാത്തലത്തിലുള്ള മുഖ്യമന്ത്രിയുടെ പ്രത്യേക വാര്‍ത്താസമ്മേളനം തുടങ്ങിയത്. അതിജീവനത്തിന്റെ സന്ദേശമാണ് ഈസ്റ്റര്‍ പകരുന്നത്. ഏത് പീഢാനുഭവങ്ങള്‍ക്കും അപ്പുറം അതിജീവനത്തിന്റേതായ ഒരു പ്രഭാതമുണ്ടെന്നാണ് ഈസ്റ്റര്‍ സന്ദേശം പഠിപ്പിക്കുന്നത്.

ലോകം കൊവിഡ് 19 എന്ന പീഢാനുഭവത്തിലൂടെ കടന്നു പോകുന്ന ഘട്ടമാണ്. ഈ യാതനയുടെ ഘട്ടത്തെ അതിജീവിക്കാനുള്ള കരുത്താണ് ഈസ്റ്റര്‍ പകരുന്നത്. വൈഷമ്യത്തിന്റെ ഘട്ടമാണെങ്കിലും എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ നേരുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ]

കണ്ണൂരില്‍ ഏഴ് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 19 പേരുടെ പരിശോധന ഫലം നെഗറ്റീവായെന്നും മുഖ്യമന്ത്രി പറഞ്ഞു.ഏഴ് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധയേറ്റത്. മൂന്ന് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്കണ്ണൂര്‍ ഏഴ്, കാസര്‍കോട് രണ്ട്, കോഴിക്കോട് ഒന്ന് എന്നിങ്ങനെയാണ് ഇന്നത്തെ കണക്ക്.

കണ്ണൂരില്‍ കൊവിഡ്ചികിത്സയില്‍ കഴിഞ്ഞിരുന്ന കാസര്‍കോട് സ്വദേശിയായയുവതിക്ക് ആണ്‍കുഞ്ഞു പിറന്നത് സന്തോഷം നല്‍കുന്ന വാര്‍ത്തയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചികിത്സക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനം അറിയിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.