അതത് സ്ഥലങ്ങളിലെ പ്രവാസി മലയാളികളാണ് മേഖലാ സമ്മേളനത്തിന്റെ ചിലവ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ലണ്ടൻ : ലോക കേരളാസഭയുടെ മേഖലാ സമ്മേളനങ്ങൾ സർക്കാർ ചിലവിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതത് സ്ഥലങ്ങളിലെ പ്രവാസി മലയാളികളാണ് മേഖലാ സമ്മേളനത്തിന്റെ ചിലവ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ലണ്ടനിൽ ലോക കേരളാ സഭാ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖ മലയാളി വ്യവസായി എം എ യൂസഫലിയും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. 

സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബത്തിനൊപ്പം നടത്തുന്ന വിദേശ സന്ദർശനം വലിയ ചർച്ചയും വിവാദവുമായിരുന്നു. കുടുംബത്തോടൊപ്പമുള്ള വിദേശ സന്ദർശനത്തിനെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ് ഉയർത്തുന്നത്. എത്ര കോടി ചിലവായെന്നാണ് കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരൻ തുറന്നടിച്ചത്. ധൂർത്ത് കൊണ്ട് കേരളത്തിന് എന്ത് നേട്ടമാണുണ്ടാകുന്നതെന്നും സുധാകരൻ വാർത്താ സമ്മേളനത്തിൽ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. 

'കോടിയേരിയുടെ സംസ്കാര ചടങ്ങിന് ശേഷം തൊണ്ടയിടറി സംസാരിച്ച പിണറായി മണിക്കൂറിനുള്ളിൽ വിദേശത്തേക്ക് പറന്നു'

ഒന്നാം പിണറായി സർക്കാരിലെ വിദേശ പര്യടനം തുടക്കത്തിലെ വാര്‍ത്തയും വിവാദവുമായിരുന്നു. പോയിട്ട് എന്ത് കിട്ടിയെന്ന എന്ന ചോദ്യം ഉയര്‍ത്തിയായിരുന്നു ആദ്യഘട്ട ചര്‍ച്ച. സന്ദര്‍ശനം തുടങ്ങാൻ നിശ്ചയിച്ച തീയതി കോടിയേരിയുടെ വിയോഗ വാര്‍ത്ത വന്നതിന് പിന്നാലെ പുതുക്കി. ഫിൻലാന്റ് സന്ദര്‍ശനം വെട്ടിച്ചുരുക്കി നോര്‍വെയിലേക്ക് തിരിച്ച മുഖ്യമന്ത്രിയും സംഘവും ഇപ്പോൾ യുകെയിലേക്കെത്തി. 

വിദേശ സന്ദർശനത്തിൽ മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ പി രാജീവ്, ചീഫ് സെക്രട്ടറി, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വി കെ രാമചന്ദ്രൻ, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, പൊതുഭരണ സെക്രട്ടറി കെആ‌ ജ്യോതിലാൽ, വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, മുഖ്യമന്ത്രിയുടെ പേഴ്സനൽ അസിസ്റ്റൻറ് സുനീഷ്, യുകെയിൽ മന്ത്രിമാരായ വീണാ ജോർജ്ജും, വി ശിവൻകുട്ടിയും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

വിദേശ പര്യടനത്തിന് കുടുംബാംഗങ്ങളെ ഒപ്പം കൂട്ടിയതിനെ ചൊല്ലിയാണ് സോഷ്യൽ മീഡിയയിൽ അടക്കം ചര്‍ച്ച നടക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും കൊച്ചുമകനുമുണ്ട്. ഭാര്യ പാര്‍വതീ ദേവിക്കൊപ്പമാണ് മന്ത്രി വി ശിവൻ കുട്ടി യുകെയിൽ എത്തിയത്. മുഖ്യമന്ത്രിയുടേയും മന്ത്രിയുടെയും കുടുംബാംഗങ്ങളുടെ യാത്ര സ്വന്തം ചെലവിലാണെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. എന്നാൽ പ്രതിനിധി സംഘത്തെടൊപ്പം യാത്ര ചെയ്യുമ്പോൾ കിട്ടുന്ന പ്രത്യേക പരിഗണന അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം വിമർശിക്കുന്നത്.