കാസ‍ർകോട്: കേരളത്തിലെ യുവാക്കള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ ജോലി നല്‍കുകയാണ് കിഫ്ബിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ 10 മുതല്‍ 15 വര്‍ഷം വരെ സമയമെടുത്ത് പൂര്‍ത്തിയാകുന്ന ജോലികളാണ് നാല് വര്‍ഷം കൊണ്ട് ഇടത് സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള നിര്‍മ്മിതിയുടെ കാസര്‍കോട് പതിപ്പിന്റെ ഉദ്ഘാടനം കാസര്‍കോട് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതോടെ കേരളത്തിൽ നാളിതുവരെ കണ്ടിട്ടില്ലാത്ത വികസന മുന്നേറ്റത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും രാഷ്ട്രീയ ഭേദ ചിന്തയില്ലാതെയാണ് പദ്ധതികൾ നടപ്പിലാക്കിയത്. ഏതെങ്കിലും പ്രദേശം വികസിപ്പിക്കുകയല്ല, മറിച്ച് നാടിനാകെ വികസനം കൊണ്ടുവരുന്ന ഇടപെടലാണ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വടക്കൻ ജില്ലകൾ അവഗണിക്കപ്പെടുന്നുവെന്ന പരാതി എല്ലാ കാലത്തും ഉണ്ടായിട്ടുള്ളതാണ്. ഇടത് സ‍ര്‍ക്കാര്‍ ആ വിവേചനം കാട്ടിയിട്ടില്ല. കേരളത്തിലങ്ങോളമിങ്ങോളം എല്ലാ നാടുകളിലും ഒരേ പോലെയാണ് വികസന പ്രവര്‍ത്തനങ്ങൾ നടപ്പിലാക്കിയത്. വികസനം എന്നാൽ വമ്പൻ പദ്ധതികള്‍ മാത്രമല്ല. സമൂഹത്തിലെ എല്ലാ തട്ടിലെയും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. മലയോര ഹൈവേ ഈ വര്ഷം പൂർത്തിയാക്കുമെന്നും തീരദേശ ഹൈവേ ഈ വര്ഷം സ്ഥലം ഏറ്റെടുത്ത് നിർമാണം തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സെമി ഹൈ സ്പീഡ് റയിൽവേക്കായി ആകാശ സർവേ പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.