തിരുവല്ല: സഭാ തര്‍ക്കം മുൻനിര്‍ത്തി രൂക്ഷമായ അഭിപ്രായ വ്യത്യാസം തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഓര്‍ത്തഡോക്സ് സഭാഅധ്യക്ഷനെ കാണാനെത്തി. പരുമല ആശുപത്രിയിൽ എത്തിയാണ് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയത്.

സഭാ തര്‍ക്കത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് കടുത്ത വിമര്‍ശനമാണ് ഓര്‍ത്തഡോക്സ് സഭ സര്‍ക്കാരിനെതിരെ ഉന്നയിക്കുന്നത്.  സെമിത്തേരി ബില്ലിനെതിരെ കഴിഞ്ഞ ദിവസം കാതോലിക്കാ ബാവ നേരിട്ടും ശക്തമായ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.

സെമിത്തേരികൾ പൊതു ശ്മശാനങ്ങളാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നാണ് സെമിത്തേരി ബില്ലിനെതിരെ ഓര്‍ത്തഡോക്സ് സഭ പ്രതികരിച്ചത്. സര്‍ക്കാര്‍ നിലപാടിന് എതിരെ നിയമനടപടികൾക്ക് സഭ ഒരുങ്ങുന്നു എന്ന തരത്തിലും വാര്‍ത്തയുണ്ടായിരുന്നു. ഇതിനിടെയാണ് പരുമലയിലെത്തി പിണറായി വിജയൻ കാതോലിക്കാ ബാവയെ കണ്ടത്.  എംഎൽഎ മാരായ വീണാ ജോർജ്ജ്,രാജു ഏബ്രഹാം,സജി ചെറിയാൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം എത്തിയിരുന്നു.