Asianet News MalayalamAsianet News Malayalam

വൃത്തികേട് കാണിച്ച് പങ്കുപറ്റുന്ന സംസ്കാരം സിപിഎമ്മിനില്ല; കരുവന്നൂർ തട്ടിപ്പ് ഗൗരവമായി കാണുന്നു: മുഖ്യമന്ത്രി

"കരുവന്നൂർ ബാങ്ക് തെറ്റായ കാര്യമാണ് ചെയ്തത്. അത് ഗൗരവമായി സർക്കാർ കാണുന്നുണ്ട്. ഭരണസമിതിയെ പിരിച്ചുവിട്ട് അന്വേഷണം നടത്തുന്നുണ്ട്"

cm pinarayi vijayan on Karuvannur Co-operative Bank fraud case
Author
Thiruvananthapuram, First Published Jul 23, 2021, 7:19 PM IST

തിരുവനന്തപുരം: തൃശ്ശൂർ കരുവന്നൂരിലെ സഹകരണബാങ്കില്‍ നടന്ന തട്ടിപ്പ് സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയുടെ കരുത്ത് ചോര്‍ന്നുപോകാതെയും വിശ്വസ്ത സംരക്ഷിച്ചും ഇപ്പോള്‍ നടന്ന സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

കരുവന്നൂർ ബാങ്ക് തെറ്റായ കാര്യമാണ് ചെയ്തത്. അത് ഗൗരവമായി സർക്കാർ കാണുന്നുണ്ട്. ഭരണസമിതിയെ പിരിച്ചുവിട്ട് അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണം കൃത്യതയോടെ സ്പെഷ്യല്‍ ടീമിനെ നിയോഗിച്ച് നടത്തും. കുറ്റവാളികളെ ഏത് രാഷ്ട്രീയക്കാരായാലും സംരക്ഷിക്കുന്ന നിലയല്ല സർക്കാരിന്. സംസ്ഥാനത്ത് സഹകരണ മേഖല ജനവിശ്വാസം ആർജിച്ച മേഖലയാണ്. ആ മേഖലയിൽ ഇത്തരം സംഭവങ്ങൾ വിരളമാണ്. തെറ്റുകാർക്കെതിരെ നടപടിയെടുക്കുകയും സഹകരണ മേഖലയുടെ വിശ്വാസ്യത ഉയർത്തിപ്പിടിക്കുകയുമാണ് ചെയ്തത്. സഹകരണ മേഖലയുടെ വിശ്വാസ്യത നിലനിർത്തും. തെറ്റുകാർക്കെതിരെ നടപടിയുണ്ടാകും, മുഖ്യമന്ത്രി പറഞ്ഞു.

Read More: കരുവന്നൂരിലേത് സംസ്ഥാനം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പോ? സിപിഎം പ്രതിരോധത്തിൽ

കരുവന്നൂരിലെ സഹകരണബാങ്ക് തട്ടിപ്പിലെ സിപിഎം പങ്ക് എന്ന ചോദ്യത്തിന് മുഖ്യമന്ത്രി രൂക്ഷമായാണ് പ്രതികരിച്ചത്. ഏതെങ്കിലും ചിലർ തെറ്റുകാണിച്ചാൽ ആ തെറ്റ് മൂടിവെക്കുന്ന സംസ്കാരം സിപിഎം ഒരുകാലത്തും കാണിച്ചിട്ടില്ല. അത് അറിയാത്തവർ നല്ല മാധ്യമപ്രവർത്തകരല്ല. അത് മനസിലാക്കാൻ കഴിയുമല്ലോ. പാർട്ടിയിൽ ഏത് സ്ഥാനം വഹിച്ചാലും പാർട്ടിക്ക് നിരക്കാത്ത പ്രശ്നം വന്നാൽ പാർട്ടി കൃത്യമായ നിയതമായ മാനദണ്ഡം വെച്ച് പ്രവർത്തിക്കുന്നതാണ്, കർശനമായ നടപടിയെടുത്ത് പോകാറുണ്ട്. കാര്യങ്ങൾ മനസിലാക്കാതെയുള്ള മാധ്യമപ്രവർത്തകരുടെ വീഴ്ചയായേ ചോദ്യത്തെ കാണാനാവൂ.

പുറത്ത് വരുന്നത് സംസ്ഥാനം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ്

സംസ്ഥാനം കണ്ട ഏറ്റവും വലിയ സഹകരണ ബാങ്ക് തട്ടിപ്പായി കരുവന്നൂരിലെ ബാങ്കിലെ പണത്തിന്‍റെ തിരിമറി മാറുകയാണ്. സംഭവം പ്രതിപക്ഷം സർക്കാരിനെതിരായ ആയുധമായി ഉപയോഗിക്കുന്നു. ഒരു രൂപപോലും വായ്പ എടുക്കാത്തവർക്ക് 100 കോടി വായ്പയിൽ തിരിച്ചടക്കാൻ നോട്ടീസും ജപ്തി ഭീഷണിയും വരുന്നു. വായ്പകളും നറുക്കെടുപ്പുമെല്ലാം സിപിഎം ബന്ധമുള്ള ജീവനക്കാർക്കും പാർട്ടിക്കാർക്കും മാത്രം കിട്ടുന്നു. സഹകരണബാങ്കിൽ അരങ്ങേറിയത് വൻകൊള്ളയെന്ന് പ്രതിപക്ഷം സഭയിൽ ആരോപണം ഉന്നയിച്ചു. 

2018-ൽ പരാതി ഉയർന്നപ്പോൾ സിപിഎം ജില്ലാ സെക്രട്ടറി മുതൽ സംസ്ഥാന നേതാക്കൾ വരെ  അന്വേഷിച്ച് തട്ടിപ്പ് ബോധ്യപ്പെട്ടിട്ടും പാർട്ടി  നേതൃത്വം അനങ്ങാതിരുന്നതാണ് തട്ടിപ്പ് തുടരാൻ കാരണമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. വിജിലൻസ് അന്വേഷണത്തിന് അടക്കം സഹകരണവകുപ്പ് ഉദ്യോഗസ്ഥർ നൽകിയ ശുപാർശ പൂഴ്ത്തി സഹകരണവകുപ്പും പൂഴ്ത്തിയെന്നും പ്രതിപക്ഷ ആരോപണം. 7 ജീവനക്കാരെ സസ്പെൻഡ് ചെയ്തെന്നും സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണെന്നുമായിരുന്നു സഹകരണമന്ത്രിയുടെ മറുപടി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios