തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മാധ്യമ വാര്‍ത്ത ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ഈ പ്രസ്താവന നടത്തിയത്.

ഇന്ന് വന്ന ഒരു മാധ്യമ വാര്‍ത്തയുടെ തലക്കെട്ട് കുട്ടികളെ ആരു നോക്കും എന്നതാണ്. കൊവിഡ് പരിശോധനയ്ക്ക് വീട്ടമ്മമാര്‍ പോകുവാന്‍ മടിക്കുന്നത് വീട്ടില്‍ കുട്ടികളും വയോജനങ്ങളും തനിച്ചാകും എന്ന ഭയത്താലാണ് എന്നാണ് ഈ വാര്‍ത്ത സൂചിപ്പിക്കുന്നത്.

ഒരു അസംബന്ധമായ വിലയിരുത്തലാണ് ഇത്. റിവേഴ്സ് ക്വറന്‍റെയ്നില്‍ വരേണ്ടവരാണ് പ്രയമുള്ളവരും കുട്ടികളും. വയോജനങ്ങളില്‍ രോഗം മാരകമായേക്കും. പ്രായമുള്ളവരെയും കുട്ടികളെയും സംരക്ഷിക്കാന്‍ പരിശോധനയ്ക്ക് പോകുന്നില്ല എന്നത് വിസമ്മതിക്കുന്നയാള്‍ക്ക് രോഗം പൊസറ്റീവായാല്‍ ആരെ സംരക്ഷിക്കാന്‍ നിന്നുവോ അവരെയും അപകടത്തിലാക്കും.

അതിനാല്‍ തന്നെ പരിശോധനയ്ക്ക് തയ്യാറാകുന്നവരെ പിന്നോട്ട് വലിക്കുന്ന ഇത്തരം വാര്‍ത്തകള്‍ ശരിയല്ല. പരിശോധനയ്ക്ക് പ്രോത്സാഹിപ്പിക്കുന്ന വാര്‍ത്തകളാണ് നല്‍കേണ്ടത്. ഈ വാര്‍ത്ത വായിച്ചാല്‍ തോന്നുന്നത് നാട്ടുകാരെ നിര്‍ബന്ധിച്ച് ചികില്‍സ കേന്ദ്രത്തിലേക്ക് മാറ്റി കുട്ടികളോടും മുതിര്‍ന്നവരോടും എന്തോ സര്‍ക്കാര്‍ ദ്രോഹം ചെയ്യുന്നു എന്ന തരത്തിലാണ്.

എന്താണ് വാര്‍ത്തയുടെ ഉദ്ദേശം എന്നതാണ്. ഈ വാര്‍ത്ത ടെസ്റ്റ് ചെയ്യാന്‍ ആളുകള്‍ക്ക് ആഭിമുഖ്യമാണോ, വിമുഖതയാണോ ഉണ്ടാക്കുക നിങ്ങള്‍ വിലയിരുത്തുക. ടെസ്റ്റ് ചെയ്യാന്‍ ആളുകള്‍ വിസമ്മതിച്ച് രോഗ വ്യാപനം ഉണ്ടാക്കുന്ന സ്ഥിതി ഇത് ഉണ്ടാക്കുന്ന സാഹചര്യമാണോ നമ്മുക്ക് വേണ്ടത്.

ചിലര്‍ തെറ്റായ രീതികള്‍ സ്വീകരിക്കാം അത് തിരുത്തുന്നതാണ് മാധ്യമ ധര്‍മ്മം. കേരളത്തില്‍ ഇതുവരെ ക്വറന്‍റെയ്നില്‍ പോയവരുടെ കുട്ടികള്‍ നോക്കാതെ ആയിട്ടുണ്ടോ. ഇത്തരം കേസുകള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ വേണ്ട നടപടി എടുക്കും. ഇത്തരം സന്ദര്‍‍ഭത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ വിമര്‍ശിക്കുന്നത് ശരിയാണ്.

അതിനാല്‍ ഈ രീതിയില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന് വിമുഖതയുണ്ടാക്കുന്ന രീതിയിലും ഭീതി പടര്‍ത്തുന്ന രീതിയിലും വാര്‍ത്ത നല്‍കാന്‍ തയ്യാറാകരുത്. സര്‍ക്കാറിനെ വിമര്‍ശിക്കുന്നതില്‍ പ്രശ്നമില്ല. അത് വസ്തുനിഷ്ഠവും, നിര്‍മ്മാണാത്മകവും ആകണം.  പക്ഷെ അത് കൊവിഡ് പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുന്ന രീതിയിലാകരുത് - മുഖ്യമന്ത്രി പറഞ്ഞു.