തിരുവനന്തപുരം: പിഎസ്‌സി നടത്തുന്ന കെഎഎസ്‌ അടക്കമുള്ള എല്ലാ പരീക്ഷകളുടെയും ചോദ്യപേപ്പറുകൾ മലയാളത്തിൽ നൽകുവാൻ നിർദ്ദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. പിഎസ്‍സി പരീക്ഷകൾ മലയാളത്തിലാക്കണമെന്ന ആവശ്യത്തിന് തത്വത്തിൽ അംഗീകാരമായി. ഇക്കാര്യത്തിലെ പ്രായോഗിക നടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കും. വിജ്ഞാന ഭാഷാ നിഘണ്ടു തയ്യാറാക്കാൻ പ്രത്യേക സമിതിയെ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

മുഖ്യമന്ത്രിയും പിഎസ്‌സി ചെയർമാനും നടത്തിയ ചർച്ചയിലാണ് പിഎസ്‍സി പരീക്ഷകൾ മലയാളത്തിലാകാന്‍ തത്വത്തിൽ ധാരണയായത്. പരീക്ഷകൾ മലയാളത്തില‌ാക്കുന്നതിൽ എതിർപ്പില്ലെന്ന് പിഎസ്‍സി ചെയർമാൻ പറഞ്ഞു. പിഎസ്‌സി ചോദ്യപേപ്പറുകൾ മലയാളത്തിലാക്കുമ്പോള്‍ നേരിടുന്ന വിഷമതകളെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തെന്നും ഇത്‌ പരിഹരിക്കാൻ സർവകലാശാല വൈസ്‌ ചാൻസലർമാരുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പിഎസ്‌സി ചെയര്‍മാനെയും യോഗത്തില്‍ പങ്കെടുപ്പിക്കും. കൂടാതെ ശാസ്‌ത്ര, കംപ്യൂട്ടർ വിഷയങ്ങളിൽ മലയാളത്തിനായി വിജ്ഞാന ഭാഷാ നിഘണ്ടു ഉണ്ടാക്കുവാന്‍ വിദഗ്ധ സമിതി രൂപീകരിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 

നിലവിൽ പ്ലസ്‌ ടു അടിസ്‌ഥാന യോഗ്യതയായിട്ടുള്ള എല്ലാ പരീക്ഷകൾക്കും പിഎസ്‌സി മലയാളത്തിൽ ചോദ്യപേപ്പർ നൽകുന്നുണ്ട്‌. 90 ശതമാനം പരീക്ഷകളും അതിൽ ഉൾപ്പെടും. അതിന്‌ മുകളിൽ ഉള്ള പരീക്ഷകളിൽ ചോദ്യങ്ങൾ ഇംഗ്ലീഷിൽ നൽകി ഉത്തരങ്ങൾ മലയാളത്തിലും എഴുതുന്ന സംവിധാനമാണുണ്ടായിരുന്നത്‌. സർവകലാശാലകളിൽ ഇത്തരത്തിൽ പരീക്ഷ എഴുതുന്ന മാതൃകയാണ്‌ പിഎസ്‌സി സ്വീകരിച്ചിരുന്നത്‌. എന്നാൽ, ചോദ്യപേപ്പറും മലയാളത്തിൽ വേണമെന്ന ആവശ്യം നടപ്പാക്കാൻ ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്‌. ഇത്തരത്തിൽ ചോദ്യങ്ങൾ തയ്യാറാക്കുമ്പോൾ ശാസ്‌ത്ര, കംപ്യൂട്ടർ സംബന്ധമായ ചോദ്യങ്ങൾക്ക്‌ ഭാഷാപരിമിതി നേരിടുന്നുണ്ട്‌. അത്‌ മറികടക്കാൻ സമിതിയെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, മറ്റ് ഭാഷകൾക്ക് എതിരായ സമീപനം സർക്കാരിനില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.