തിരുവനന്തപുരം: സംസ്ഥാനത്ത് നൂറ് ദിന പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് മഹാമാരിയെ മറികടക്കാനുള്ള പദ്ധതികളെന്ന് മുഖ്യമന്ത്രി പറഞ്ഞു. സന്തോഷകരമായ ഓണം ഉറപ്പുവരുത്താന്‍ പരമാവധി ശ്രമിച്ചുവെന്നും സാധാരണക്കാര്‍ക്ക് നേരിട്ട് സമാശ്വാസ സഹായം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്ത് ഭക്ഷ്യ കിറ്റ് വിതരണം നാല് മാസം കൂടി തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. റേഷൻ കട വഴി ആയിരിക്കും ഭഷ്യ കിറ്റ് വിതരണം. ഈ സര്‍ക്കാര്‍ സാമൂഹ്യ ക്ഷേമ പെൻഷൻ തുക 100 രൂപ വീതം കൂട്ടി. പെൻഷൻ മാസം തോറും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 58 ലക്ഷം പേ‍ർക്ക് പെൻഷൻ വര്‍ധിപ്പിക്കും. 

ആരോഗ്യ വകുപ്പിൽ നൂറ് ദിവസത്തിനുള്ളിൽ ആവശ്യമെങ്കിൽ കൂടുതൽ നിയമനങ്ങൾ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പരിശോധന പ്രതിദിനം അര ലക്ഷം ആക്കും. 153 കുടുംബാരോഗ്യ കേന്ദ്രങ്ങൾ നൂറ് ദിവസം കൊണ്ട് ഉദ്ഘാടനം ചെയ്യുമെന്നും പിണറായി പ്രഖ്യാപിച്ചു. 10 പുതിയ ഡയാലിസിസ് കേന്ദ്രങ്ങൾ, മൂന്ന് കാത്ത് ലാബുകൾ എന്നിവയും ആരംഭിക്കും.

പ്രാഥമിക ആരോ​ഗ്യകേന്ദ്രങ്ങളെ കുടുംബാരോ​ഗ്യകേന്ദ്രങ്ങളാക്കി മാറ്റും. ഇതുവരെ 386  പ്രാഥമിക ആരോ​ഗ്യകേന്ദ്രങ്ങളെ കുടുംബാരോ​ഗ്യകേന്ദ്രങ്ങളാക്കി. അടുത്ത നൂറ് ദിവസത്തിൽ 153 പ്രാഥമിക ആരോ​ഗ്യകേന്ദ്രങ്ങൾ കൂടി ഉന്നത നിലവാരത്തിലേക്ക് ഉയർത്തും. കുടുംബാരോ​ഗ്യകേന്ദ്രങ്ങളിൽ രാവിലെയും വൈകിട്ടും ഒ പി പ്രവ‍ർത്തിക്കും.

മെഡി.കോളേജ്, ജില്ലാ, താലൂക്ക്, ജനറൽ ആശുപത്രികളിലായി 24 പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യും. പത്ത് പുതിയ ഡയാലിസസ് കേന്ദ്രങ്ങൾ, ഒൻപത് സ്കാനിം​ഗ് കേന്ദ്രങ്ങൾ, മൂന്ന് കാത്ത് ലാബുകൾ, രണ്ട് കാൻസ‍ർ ചികിത്സാ കേന്ദ്രങ്ങൾ എന്നിവ അടുത്ത നൂറ് ദിവസത്തിൽ പൂ‍‍ർത്തീകരിക്കും. 

2021 ജനുവരിയിൽ വിദ്യാലയങ്ങൾ തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നൂറ് ദിവസത്തിനുള്ളിൽ 250 പുതിയ സ്കൂൾ കെട്ടിട പണി തുടങ്ങും. 11400 സ്കൂളുകളിൽ ഹൈ-ടെക് ലാബുകൾ സജ്ജീകരിക്കും. 10 ഐ ടി ഐ ഉത്ഘാടനം ചെയ്യും. സർക്കാർ എയ്ഡഡ് കോളേജുകളിൽ 150 പുതിയ കോഴ്സുകൾ തുടങ്ങും.

ഒരു വ‍ർഷത്തോളം കുട്ടികൾ വിദ്യാലയങ്ങളിൽ നിന്നും അകന്ന് നിന്നു. ഇനി സ്കൂളിലേക്ക് തിരിച്ചു വരുന്ന കുട്ടികളെ പുതിയൊരു പഠനാന്തരീക്ഷവും പശ്ചാത്തലവും ഒരുക്കി വരവേൽക്കും. അഞ്ഞൂറിലേറെ കുട്ടികൾ പഠിക്കുന്ന എല്ലാ സർക്കാർ സ്കൂളുകളിലും കിഫ്ബി സഹായത്തോടെ കെട്ടിടനിർമ്മാണം നടക്കുകയാണ്. 5 കോടി മുടക്കി 35 കെട്ടിടങ്ങളും മൂന്ന് കോടി മുടക്കി 14 കെട്ടിടങ്ങളും ഈ നൂറ് ദിവസത്തിൽ ഉദ്ഘാടനം ചെയ്യും. മറ്റ് 27 സ്കൂൾ കെട്ടിടങ്ങളുടെ പണിയും പൂർത്തിയാക്കും. 

എപിജെ അബ്ദുൾ കലാം സ‍ർവ്വകലാശാല, മലയാളം സർവ്വകലാശാല എന്നിവയുടെ സ്ഥിരം ക്യാമ്പസിനുള്ള ശിലാസ്ഥാപനം നടത്തും. 32 ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾക്കായി നി‍ർമ്മിക്കുന്ന കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യും. നൂറ് ദിവസം കൊണ്ട് കോളേജ്-ഹ​യർ സെക്കൻഡറി മേഖലയിൽ ആയിരം തസ്തികകൾ നി‍ർമ്മിക്കും.

 പിഎസ്‍സിക്ക് നിയമനം വിട്ട 11 സ്ഥാപനങ്ങളിൽ സ്പെഷ്യൽ റൂൾസ്‌ ഉണ്ടാക്കാൻ വിദഗ്ധ സമിതി ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 1,41,615 പേർക്ക് ഈ സർക്കാർ പിഎസ്‌സി വഴി നിയമനം നൽകിയെന്നും അദ്ദേഹം അറിയിച്ചു. 1451 കോടിയുടെ കിഫ്ബി റോഡുകൾ തുറക്കും. കുണ്ടന്നൂർ - വൈറ്റില പാലങ്ങൾ അടക്കം 11 പാലങ്ങൾ ഉദ്ഘാടനം ചെയ്യും. വിഴിഞ്ഞം പദ്ധതിയുടെ പോർട്ട്‌ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നവംമ്പര്‍ 1 നുള്ളിൽ  14 ഇനം പച്ചക്കറിക്ക് തറ വില പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൃഷിക്കാർക്ക് തത്സമയം അക്കൗണ്ടിലേക്ക് പണം നൽകും. രണ്ടാം കുട്ടനാട് പാക്കേജ് തുടങ്ങും. 13 വാട്ടർ ഷെഡ് പദ്ധതികൾ. 69 തീര ദേശ റോഡ് ഉത്ഘാടനം ചെയ്യും. ഒന്നരലക്ഷം കുടിവെള്ള കണക്ഷൻ നൽകും. ശബരിമലയിൽ 28 കോടിയുടെ മൂന്ന് പദ്ധതികൾ. 1000 ജനകീയ ഹോട്ടലുകൾ പദ്ധതി കുടുംബശ്രീ പൂർത്തീകരിക്കും. നൂറ് ദിവസത്തിനുള്ളിൽ 25000 വീടുകൾ കൂടി ലൈഫ് വഴി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

മൊറട്ടോറിയം കാലാവധി നീട്ടണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2020 ഡിസംബർ 31 വരെ നീട്ടണം എന്നാണ് കേരളത്തിന്‍റെ ആവശ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.