പാവപ്പെട്ടവര്‍ക്ക് റേഷൻ കാര്‍ഡ് എല്ലാ പട്ടണത്തിലും സ്ത്രീ സൗഹൃദകേന്ദ്രം സംസ്ഥാനത്ത് 12000 ശുചി മുറികൾ വിദ്യാര്‍ത്ഥികൾക്ക് പാർട്ട് ടൈം ജോലി
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാര്‍ഡില്ലാത്ത പാവപ്പെട്ടവര്‍ക്കെല്ലാം കാര്‍ഡ് നൽകാൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതുവര്‍ഷത്തിലെ പ്രധാനചുമതലയായി ഇത് ഏറ്റെടുക്കും. സാങ്കേതികമായ ഒരു തടസവും ഇതിനെ ബാധിക്കില്ലെന്ന് ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാനത്ത് പലയിടത്തും റോഡുകൾ തകര്‍ന്ന് കിടക്കുന്ന അവസ്ഥയിലാണ്. അഞ്ച് മാസത്തിനകം റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂര്‍ണ്ണമായും നടപ്പാക്കും. ഗ്രാമീണ മേഖലയിലെ റോഡുകളിൽ അടക്കം നവീകരണ ജോലികൾ നടക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
കേരളത്തിലെ എല്ലാ പട്ടണത്തിലും സ്ത്രീ സൗഹൃദ കേന്ദ്രങ്ങൾ സ്ഥാപിക്കും. നഗരസഭകളുടെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടികൾ നടക്കുന്നത്. 12000 ശുചിമുറികൾ സംസ്ഥാനത്ത് ഉടനീളം സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശ രാജ്യങ്ങളിലെ മാതൃകയിൽ വിദ്യാര്‍ത്ഥികൾക്ക് പാര്‍ടൈം ജോലി സാധ്യതകൾ ഉണ്ടാക്കും. യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി സ്ഥാപിക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കെട്ടിക്കിടക്കുന്ന പരാതികൾ മുഴുവൻ ഈ വർഷം തീർപ്പാക്കും. അതാത് ജില്ലാ കളക്ടർമാർക്ക് ആയിരിക്കും ചുമതല. താലൂക്ക് അദാലത്തുകളും നടത്തണം.
പുതുവര്‍ഷത്തിന്‍റെ തുടക്കത്തിലാണ് പുത്തൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.
