പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് 9 വയസ്സുകാരിയുടെ കൈപ്പത്തി മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ കുടുംബം സർക്കാർ നിയോഗിച്ച വിദഗ്ധസമിതിക്ക് മുന്നിൽ മൊഴി നൽകി. ചികിത്സ അനാസ്ഥ  കാരണം. അന്വേഷണം അട്ടിമറിക്കുമോ എന്ന് ഭയം

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവുമൂലം 9 വയസ്സുകാരിയുടെ കൈപ്പത്തി മുറിച്ചു മാറ്റിയ സംഭവത്തിൽ കുടുംബം വിദഗ്ധസമിതിക്ക് മുന്നിൽ മൊഴി നൽകി. സർക്കാർ നിയോഗിച്ച ആരോഗ്യ വകുപ്പിലെ വിദഗ്ധസംഘത്തിന് മുന്നിലാണ് മൊഴി നൽകിയത്. ഉണ്ടായ സംഭവങ്ങൾ ഉദ്യോഗസ്ഥർ ചോദിച്ചറിഞ്ഞെന്ന് വിനോദിനിയുടെ കുടുംബം. വിഷയത്തിൽ നീതി കിട്ടണമെന്നും, സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയാണ് പോരാട്ടമെന്നും അതുകൊണ്ടാണ് അന്വേഷണം അട്ടിമറിക്കുമോയെന്ന് ഭയക്കുന്നതെന്നും വിനോദിനിയുടെ മാതാവ് പ്രസീത പറഞ്ഞു. ഡിഎംഒ ഓഫീസിൽ എത്തിയാണ് 9 വയസ്സുകാരി വിനോദിനിയുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയത്

പാലക്കാട് സ്വദേശിയായ 9 വയസ്സുകാരി വിനോദിനിയുടെ കൈ, ഫ്രാക്ചർ ചികിത്സക്കിടെയുണ്ടായ പിഴവ് കാരണമാണ് മുറിച്ചുമാറ്റേണ്ടി വന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സയിലുണ്ടായ അനാസ്ഥ കാരണം കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് കൈപ്പത്തി മുറിച്ച് മാറ്റുകയായിരുന്നു. സെപ്റ്റംബർ 24-ന് വിനോദിനിക്ക് കൈക്ക് ഫ്രാക്ചർ സംഭവിച്ചതിനെ തുടർന്നാണ് വിനോദിനിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെവെച്ച് പ്ലാസ്റ്റർ ഇടുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്ക് ശേഷം വേദനയും അസ്വസ്ഥതയും വർദ്ധിച്ചതിനെ തുടർന്ന് മാതാപിതാക്കൾ വീണ്ടും ആശുപത്രിയിലെത്തി. എന്നാൽ വേദന മരുന്നുകൾ മാത്രം നൽകി. കൈക്ക് നിറം മാറ്റം, തരിപ്പ്, നീര് എന്നിവയുണ്ടായി. കൈയുടെ അവസ്ഥ ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. അവിടെ വെച്ചാണ് അണുബാധ തടയാനും ജീവൻ രക്ഷിക്കാനുമായി ഡോക്ടർമാർക്ക് കൈ മുറിച്ചുമാറ്റേണ്ടി വന്നത്. '