Asianet News MalayalamAsianet News Malayalam

ഐഎസിൽ ചേർന്നവരുടെ തിരിച്ചുവരവ്; നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്രമെന്ന് മുഖ്യമന്ത്രി

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേർന്നവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് സുരക്ഷ ഭീഷണിയാണെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ നിലപാട്. ചാവേർ ആക്രമണത്തിന് സ്ത്രീകൾക്കുൾപ്പെടെ പരിശീലനം നല്‍കിയതിന് തെളിവുണ്ട്.

cm pinarayi vijayan response entry of persons who joined isis
Author
Thiruvananthapuram, First Published Jun 14, 2021, 7:10 PM IST

തിരുവനന്തപുരം: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേർന്നവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച വിഷയത്തില്‍ നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് നമ്മുടെ രാജ്യത്തിന്‍റെ ഒരു പ്രശ്നമാണ്. രാജ്യത്തിന്‍റെ ഭാഗമായിട്ട് അവര്‍ നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്. അപ്പോള്‍ അതിന്‍റെ പ്രശ്നങ്ങള്‍ എന്തൊക്കെയാണ് എന്നത് കൂടുതല്‍ മനസിലാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഈ പറയുന്നവര്‍ അവിടുത്തെ ജയിലിലാണ്. അവര്‍ ഇങ്ങോട്ട് വരാന്‍ തയാറുണ്ടോയെന്ന് അറിയണം. അതുപോലെ തന്നെ കുടുംബത്തിന്‍റെ അഭിപ്രായം അറിയാന്‍ തയാറാകണം. അങ്ങനെയൊക്കെ കൂടി പൊതുവായ നിലപാട് ഇക്കാര്യത്തില്‍ സ്വീകരിക്കുകയാണ് വേണ്ടത്. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. നടപടി സ്വീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. ഈ കാര്യങ്ങളെല്ലാം പരിശോധിച്ചു കൊണ്ടാകണം നിലപാട് സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേർന്നവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് സുരക്ഷ ഭീഷണിയാണെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ നിലപാട്. ചാവേർ ആക്രമണത്തിന് സ്ത്രീകൾക്കുൾപ്പെടെ പരിശീലനം നല്‍കിയതിന് തെളിവുണ്ട്. വിഷയം കോടതിയിലെത്തിയാൽ നിയമപരമായി നേരിടാനാണ് സർക്കാരിന്‍റെ നീക്കം. ഐഎസിൽ ചേർന്നവരെ തിരികെ കൊണ്ടുവരണമെന്ന് മുൻ അംബാസഡർ കെ പി ഫാബിയൻ ആവശ്യപ്പെട്ടിരുന്നു.

മടക്കികൊണ്ടുവരാതിരിക്കാന്‍ നിയമപരമായി കാരണമില്ലെന്നും രാജ്യത്ത് കസ്റ്റഡിയിലിരിക്കും എന്നതിനാൽ മറ്റ് ആശങ്കകൾക്ക് അടസ്ഥാനമില്ലെന്നുമായിരുന്നു ഫാബിയൻ പറഞ്ഞത്. ഐഎസിൽ ചേർന്ന നാല് മലയാളി വനിതകളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിൽ കേന്ദ്രത്തിന് താത്പര്യമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.

സോണിയ, മെറിൻ, നിമിഷ ഫാത്തിമ, റഫീല എന്നീ മലയാളികളാണ് അഫ്ഗാൻ ജയിലിലുള്ളത്. അന്താരാഷ്ട്ര മതമൗലികവാദിക ശക്തികളുമായി യോജിച്ച് പ്രവർത്തിച്ച ഇവരെ തിരികെ കൊണ്ടുവരുന്നത് ​സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് സുരക്ഷാ ഏജൻസികളുടെ നിലപാട്. അതിനാൽ ഇവരെ തിരികെ എത്തിക്കേണ്ട എന്നാണ് കേന്ദ്ര സ‍ർക്കാരിന്‍റെ നിലപാട്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios