കാഫിര്‍ സ്ക്രീൻഷോട്ട് വിവാദം; പൊലീസ് റിപ്പോര്‍ട്ടിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
പൊലീസ് റിപ്പോര്‍ട്ട് പത്രത്തില്‍ കണ്ടുവെന്നും അന്വേഷണ റിപ്പോര്‍ട്ട് വരട്ടെയെന്നും പിണറായി വിജയൻ പറഞ്ഞു.
തിരുവനന്തപുരം: കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തില്‍ പൊലീസ് ഹൈക്കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് റിപ്പോര്‍ട്ട് പത്രത്തില്‍ കണ്ടുവെന്നും അന്വേഷണ റിപ്പോര്‍ട്ട് വരട്ടെയെന്നും അതുലഭിച്ചശേഷം ബാക്കി നോക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിഷത്തില്‍ കൂടുതല്‍ പ്രതികരിക്കാൻ പിണറായി വിജയൻ തയ്യാറായില്ല.
അതേസമയം, വയനാട് തുരങ്ക പാത സംബന്ധിച്ചു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറഞ്ഞു.ദുരന്തത്തിൻ്റെ അടിസ്ഥാനത്തിൽ മറ്റ് വികസന പ്രവർത്തനകൾ മാറ്റി വയ്ക്കേണ്ടതുണ്ടോ എന്ന് പഠിക്കേണ്ടതുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു.നേരത്തെ തുരങ്ക പാതയുമായി ബന്ധപ്പെട്ട എല്ലാ പഠനങ്ങളും നടന്നിട്ടുണ്ട്.പല സ്ഥലത്തും തുരങ്കങ്ങൾ ഉണ്ടാകുന്നുണ്ടല്ലോ. തുരങ്കങ്ങൾ ഒന്നും തന്നെ മറ്റ് സ്ഥലത്ത് ദുരന്തം ഉണ്ടാക്കുന്നതായി ലോകത്ത് ഒരിടത്തും കണ്ടിട്ടില്ലെന്നും ഇത് പഠന വിഷയമാണെന്നും പിണറായി വിജയൻ പറഞ്ഞു.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് പിണറായി വിജയൻ പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളില്ലെങ്കിൽ അടുത്ത ബന്ധുക്കൾക്ക് ധനസഹായം നല്‍കും. ഇതിനായി പിന്തുടർച്ച അവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കാണാതായ വ്യക്തികളുടെ ആശ്രിതർക്കും ധനസഹായം ഉണ്ടാകും. 60ശതമാനത്തിന് മുകളില്‍ അംഗവൈകല്യം ബാധിച്ചവർക്ക് 75000 രൂപയും അതിൽ കുറവുള്ളവർക്ക് 50000 രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദുരിത ബാധിത കുടുംബത്തിന് പ്രതിമാസം 6000 രൂപ വാടക ഇനത്തിൽ നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ബന്ധുവീടുകളിലേക്ക് മാറുന്നവർക്കും വാടക തുക ലഭിക്കും. സ്പോൺസർഷിപ്പ് കെട്ടിടങ്ങളിലോ സർക്കാർ സംവിധാനങ്ങളിലേക്കോ മാറുന്നവർക്ക് വാടക തുക ലഭിക്കില്ല. രേഖകൾ നഷ്ടമായവർക്ക് പുതുക്കിയ രേഖ വാങ്ങാമെന്നും ഇതിന് ഫീസ് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊലീസ് നടപടി പൂർത്തിയാക്കി കാണാതായവരുടെ പട്ടിക തയ്യാറാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
118 പേരെ ഡിഎൻഎ പരിശോധനയിൽ ഇനിയും കണ്ടെത്താനുണ്ട്. വിദഗ്ധ സംഘത്തിന്‍റെ സമഗ്ര റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും ദുരന്തം ബാധിച്ച് മേഖലയിലെ പുനരധിവാസം സംബന്ധിച്ച് തീരുമാനമെടുക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭൂവിനിയോഗ രീതികൾ ഈ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കും. വിശദമായ ലിഡാർ സർവേ നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.