Asianet News MalayalamAsianet News Malayalam

കോൺഗ്രസുകാർ പ്ലാവില കാണിച്ചാൽ പോകുന്ന ആടുകൾ; തൽക്കാലം 'ഡാഷ്' എന്ന് വിളിക്കുന്നു: പിണറായി

''കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ലെന്ന് വീണ്ടും തെളിയുകയാണ്. പ്ലാവില കാണിച്ചാൽ നാക്ക് നീട്ടിപ്പോകുന്ന ആട്ടിൻകുട്ടികളെപ്പോലെയാണ് കോൺഗ്രസുകാർ. ഇവരെ വിളിക്കാൻ വേറെ പേരുണ്ട്, തൽക്കാലം പറയുന്നില്ല''

cm pinarayi vijayan ridicules congress on joining in bjp
Author
Thiruvananthapuram, First Published Jul 12, 2019, 11:31 AM IST

തിരുവനന്തപുരം: ബിജെപിയിലേക്ക് പോയ കോൺഗ്രസുകാരെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസുകാരെ വിശ്വസിക്കാൻ പറ്റില്ലെന്ന് സിപിഎം പണ്ടേ പറയുന്നതാണ്. അതിനുള്ള തെളിവാണിപ്പോൾ നടക്കുന്നത്. എപ്പോഴാണ് കോൺഗ്രസുകാർ പാർട്ടി മാറിപ്പോവുക എന്ന് പറയാൻ പറ്റില്ല.

ബിജെപി ഒഴുക്കുന്ന പണത്തിന് കയ്യും കണക്കുമില്ല. ''പ്ലാവില കാണിച്ചാൽ നാക്ക് നീട്ടിപ്പോകുന്ന ആട്ടിൻകുട്ടിയെപ്പോലെ കുറേ ... പറയാൻ വേറെ വാക്കുണ്ട്, പക്ഷേ പറയുന്നില്ല. തൽക്കാലം ഡാഷ് എന്ന് കണക്കാക്കിയാൽ മതി'', എന്ന് പിണറായി. പിഎസ്‍സി എംപ്ലോയീസ് യൂണിയന്‍റെ പരിപാടിയിൽ തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു പിണറായി."

ബിജെപിക്ക് ആളെക്കൊടുക്കലാണ് കോൺഗ്രസിന്‍റെ പണിയെന്ന് സിപിഎം നേരത്തെ പറഞ്ഞതാണ്. കോൺഗ്രസിന്‍റെ അപചയത്തിൽ സഹതാപമുണ്ട്. നേതൃത്വം പോലുമില്ലാതെ അനാഥാവസ്ഥയിലാണ് കോൺഗ്രസ്. രാജ്യം ഇത്തരത്തിൽ ഒരു സങ്കീർണാവസ്ഥയിൽ നിൽക്കുമ്പോൾ, കോൺഗ്രസിനെപ്പോലൊരു പാർട്ടി അനാഥാവസ്ഥയിലെത്താൻ പാടുണ്ടോ? വൻതോതിൽ ജയിച്ചാൽ വിജയമേറ്റെടുക്കാൻ മാത്രമുള്ളതല്ല, കോൺഗ്രസിന്‍റെ ഉത്തരവാദിത്തം. അത് മറക്കരുത് - പിണറായി പറഞ്ഞു.

കേന്ദ്രബജറ്റിൽ കേരളത്തെ എൻഡിഎ സർക്കാർ അവഗണിച്ചെന്നും പിണറായി ആരോപിച്ചു. പ്രളയാനന്തര കേരളത്തിന്‍റെ പുനർനിർമ്മാണത്തിന് കേന്ദ്ര ബജറ്റിൽ ഒരു പൈസ മാറ്റി വച്ചില്ല. കേരളത്തിന് സ്വന്തമായി എയിംസ് വേണമെന്നത് വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. ഇതും പരിഗണിച്ചില്ല. എല്ലാ മേഖലകളിലും കേരളത്തിന് അവഗണന മാത്രമാണ്. അർഹമായ സഹായം കേരളത്തിന് കേന്ദ്രസർക്കാരിൽ നിന്ന് കിട്ടിയേ തീരൂ - മുഖ്യമന്ത്രി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios