Asianet News MalayalamAsianet News Malayalam

ഈ കൈകൾ ശുദ്ധം: മകൾ ബിസിനസ് തുടങ്ങിയത് ഭാര്യയുടെ പെൻഷൻ പണം ഉപയോഗിച്ചെന്ന് മുഖ്യമന്ത്രി, പ്രതിപക്ഷത്തിന് മറുപടി

മകൾക്കെതിരെ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നടത്തുന്ന അന്വേഷണത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല

CM Pinarayi Vijayan says his daughter Veena starts business with wife Kamala retirement fund kgn
Author
First Published Jan 31, 2024, 4:55 PM IST

തിരുവനന്തപുരം: മകൾ വീണക്കും കമ്പനിക്കുമെതിരായ ആരോപണത്തിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങൾ വ്യാജമെന്ന് പറഞ്ഞ അദ്ദേഹം തനിക്കും കുടുംബത്തിനുമെതിരെ ഉയരുന്ന തുടര്‍ ആരോപണങ്ങളുടെ ഭാഗമാണിതെന്നും വിമര്‍ശിച്ചു. മകൾ ബിസിനസ് തുടങ്ങിയത് ഭാര്യയുടെ പെൻഷൻ തുക ഉപയോഗിച്ചാണെന്ന് പറഞ്ഞ അദ്ദേഹം നിങ്ങൾ ആരോപണം ഉയർത്തു, ജനം സ്വീകരിക്കുമോ എന്ന് കാണാമെന്ന് വെല്ലുവിളിക്കുകയും ചെയ്തു. ഒരാരോപണവും തന്നെ ഏശില്ലെന്നും വ്യക്തമാക്കി. കൊട്ടാരം പോലുള്ള വീട് എന്നൊക്കെ പറഞ്ഞത് ഇപ്പോൾ കേൾക്കുന്നില്ല. മുൻപ് ഭാര്യയെ കുറിച്ചായിരുന്നു ആരോപണങ്ങൾ. ഇപ്പോൾ മകൾക്കെതിരെ ആയി. ബിരിയാണി ചെമ്പിനൊക്കെ മുൻപ് പറഞ്ഞതടക്കം ഒന്നും നമ്മളെ ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ മകൾക്കെതിരെ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നടത്തുന്ന അന്വേഷണത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചാണ് സഭയിൽ നന്ദിപ്രമേയ ചര്‍ച്ചയുടെ അവസാന ഭാഗത്ത് മുഖ്യമന്ത്രി സംസാരിച്ച് തുടങ്ങിയത്. ധനകാര്യ കമ്മീഷൻ ശുപാർശ പോലും ലംഘിച്ചാണ് കേരളത്തിനുള്ള വിഹിതം വെട്ടിക്കുറക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണ്. ഒന്നിച്ചു പ്രതിഷേധിക്കണം എന്ന ആവശ്യത്തോട് പ്രതിപക്ഷം വിമുഖത കാട്ടി . ഫെഡറലിസം സംരക്ഷിക്കാൻ ഉള്ള പോരാട്ടത്തിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടി. ഭരണാധികാരികൾ മത ചടങ്ങിൽ പങ്കെടുക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. അടിയന്തിരാവസ്ഥക്ക് പിന്നാലെ അന്നത്തെ ഭരണകൂടത്തെ ജനം പരാജയപ്പെടുത്തി. എന്നാലിന്ന് നടക്കുന്നത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ്. 

നിയമസഭ പാസാക്കിയ ബില്ലുകൾ നിയമമാകാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. വർഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം കോൺഗ്രസ് നിർത്തണം. സംഘപരിവാർ വക്താക്കളെ സർവ്വകലാശാലകളിലേക്ക് കൊണ്ടുവരാൻ ചാൻസലര്‍ സ്ഥാനത്തിരിക്കുന്ന ബഹുമാന്യൻ ശ്രമിച്ചു. ഉന്നത വിദ്യാഭ്യാസ രംഗം കുഴപ്പത്തിലാണെന്ന് ചാൻസലറും കോൺഗ്രസും ബിജെപിയും പറയുന്നു. ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള തിടുക്കത്തിലുള്ള നീക്കങ്ങൾ നടക്കുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇടതുപക്ഷം മുന്നിലുണ്ടാകും. സംഘപരിവാറിന്റെ ഭരണ മോഹങ്ങളെ പാർലമെന്റിൽ എത്തുന്ന ഓരോ ഇടതുപക്ഷക്കാരനും ഇല്ലാതാക്കും. ഇടതുപക്ഷം ദുർബലമായ സ്ഥലങ്ങളിൽ സംഘപരിവാറിനെ എതിർക്കാൻ കോൺഗ്രസിനെ സഹായിക്കില്ലെന്ന പിടിവാശി ഞങ്ങൾക്കില്ല.

കോൺഗ്രസ് ചാഞ്ചാട്ട സമീപനം ഉപേക്ഷിച്ച് ജവഹര്‍ലാൽ നെഹ്റുവിൻറെ ആശയങ്ങളെ പിന്തുടരണം. പല സംസ്ഥാനങ്ങളിലും ബിജെപി വിരുദ്ധ സർക്കാരുകൾ ചീട്ടുകൊട്ടാരം പോലെ തകർന്നുവീഴുന്നു. അത്തരമൊരു ചീട്ടുകൊട്ടാരമല്ല കേരളത്തിലെ സർക്കാർ. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ വാലും തലയും ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? സർക്കാരിനെ എങ്ങനെയെല്ലാം ദുർബലപ്പെടുത്താം എന്നാണല്ലോ പ്രതിപക്ഷം ആലോചിക്കുന്നത്. പ്രതിപക്ഷം എല്ലാ കാര്യത്തിനും സർക്കാരിനെ പിന്തുണയ്ക്കേണ്ട. വിമർശിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനുമുള്ള അവകാശത്തെ മാനിക്കുന്നു. എന്നാൽ വാലും തലയുമില്ലാത്ത ആരോപണങ്ങളുമായി അസത്യങ്ങളുടെ ഘോഷയാത്രയുമായി നിങ്ങൾ നടത്തുന്ന പടപ്പുറപ്പാട് ആരെ തൃപ്തിപ്പെടുത്താൻ ഉള്ളതാണെന്ന് നിങ്ങൾ തന്നെ ആലോചിക്കണം.

കേരളത്തെ സാമ്പത്തിക ഉപരോധത്തിലാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. കേരളം വിഷമ സന്ധിയിൽ നിൽകുമ്പോൾ ധൂർത്തെന്ന് ആരോപിക്കുകയാണ് പ്രതിപക്ഷം. എന്നാൽ സംസ്ഥാനത്ത് തനത് നികുതി വരുമാനത്തിൽ വളർച്ച ഉണ്ടായി. കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസ എന്ന് ദോഷൈക ദൃക്കുകൾ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ ചിലവിൽ മിത വ്യയം കാണിക്കുന്നു. ദില്ലി സമരത്തിൽ നിന്നുള്ള പിന്മാറ്റത്തിൽ യുഡിഎഫ് പുനരാലോചന നടത്തണം. കേന്ദ്രത്തിനെതിരെ സംസാരിക്കുമ്പോൾ ഞങ്ങൾക്ക് മുട്ടു വിറക്കില്ല. ദില്ലിയിലെത് സമ്മേളനം അല്ല സമരം തന്നെയാണ്. അഭിസംബോധന ചെയ്യാൻ ദേശീയ നേതാക്കളെ ക്ഷണിച്ചതിനെ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു. ഒറ്റക്ക് പോകാൻ അല്ല ആഗ്രഹിച്ചത്. ആദ്യമായി ക്ഷണിച്ചത് യുഡിഎഫിനെയാണ്. ഒന്നിച്ചു സമരം നടത്തിയാൽ എന്താണ് വിഷമം? 

എന്നാൽ കേന്ദ്രം പറയുന്ന വാദം പ്രതിപക്ഷം ആവർത്തിക്കുകയാണ്. അയോദ്ധ്യ പ്രാണ പ്രതിഷ്ഠ ദിനത്തിൽ എന്താണ് കോൺഗ്രസ് ചെയ്തത്? രാഹുൽ ഗാന്ധി തന്നെ ശ്രമിച്ചത് ക്ഷേത്ര ദർശനത്തിനായിരുന്നു. തീവ്ര വർഗീയതയെ മൃദു വർഗീയത കൊണ്ട് നേരിടാനാകില്ല. പ്രധാന മന്ത്രിയെ താൻ വണങ്ങിയതിനെ തെറ്റായി വ്യാഖ്യാനിച്ചു. രാഹുൽ ഗാന്ധി എന്താണ് പാർലമെന്റിൽ ചെയ്തത്? പ്രധാനമന്ത്രിയെ വിമാനത്തിൽ കണ്ടപ്പോൾ സംസാരിച്ചതിനെ കെ സുധാകരൻ തെറ്റായി പറഞ്ഞു. പുറത്തിറങ്ങിയ സുധാകരൻ ഈ മനുഷ്യന് ചിരിക്കാൻ നാണം ഇല്ലേ എന്ന് ചോദിച്ചു. കാണുമ്പോൾ ഞാൻ മിണ്ടാതിരിക്കണോ? 

കണ്ണൂർ സര്‍വകലാശാല വിസി നിയമനത്തിൽ ചട്ട വിരുദ്ധമായി ഒന്നുമില്ല. സ്റ്റാഫിൽ ഇന്നയാളെ വേണമെന്ന് രാജ്ഭവൻ പറഞ്ഞപ്പോഴാണ്  ബി ജെ പി ക്കാരനെ നിയമിച്ചത്. നിയമിക്കുവാൻ പറ്റില്ലെന്ന് സർക്കാരിന് പറയാൻ കഴിയുമോ? പ്രതിപക്ഷ നേതാവ് ഒരാളെ നിയമിക്കാൻ പറഞ്ഞാൽ പറ്റില്ല എന്ന് പറയാൻ കഴിയുമോ? നിങ്ങളുടെ ഭാഗമായി നിൽക്കുന്ന ചില കടലാസ് സംഘടനകൾ ചാൻസിലറെ ഉപദേശിക്കുന്നുവെന്നത് നാട്ടിൽ പാട്ടാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios