മുഖ്യമന്ത്രിയുടെ വെബ്സൈറ്റും സോഷ്യൽ മീഡിയ പേജുകളും കൈകാര്യം ചെയ്യുന്ന ടീമംഗങ്ങളുടെ ശമ്പളം വർധിപ്പിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിന്‍റെ ശമ്പളം കൂട്ടി. 12 അംഗ സംഘത്തിന്‍റെ ശമ്പള നിരക്കിലാണ് രണ്ട് മാസത്തെ മുൻകാല പ്രാബല്യത്തോടെ വര്‍ദ്ധനവ് വരുത്തിയത്. സോഷ്യൽ മീഡിയ ടീം ലീഡിൻ്റെ ശമ്പളം 75000ത്തിൽ നിന്ന് 78750 രൂപയാക്കി. കണ്ടന്റ് മാനേജറുടെ ശമ്പളം 70000 രൂപയായിരുന്നത് 73500 ആക്കി ഉയര്‍ത്തി. മറ്റെല്ലാ തസ്തികകളിലും ആനുപാതിക വര്‍ദ്ധനവാണ് വരുത്തിയിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിൻ്റെ ശമ്പളം കൂട്ടിയെന്ന് അറിയിച്ച് പിആര്‍ഡി ഉത്തരവും ഇറക്കി. 2022 മെയ് 6 മുതലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ സോഷ്യൽ മീഡിയ ഇടപെടലുകൾക്ക് മാത്രമായി 12 അംഗ പ്രത്യേക സംഘത്തെ കരാര്‍ അടിസ്ഥാനത്തിൽ നിയമിച്ചത്. ഒരു വര്‍ഷ കാലാവധി തീര്‍ന്ന മുറക്ക് നിയമനം പുതുക്കി നൽകുകയും ചെയ്തിരുന്നു. ഈ വർഷം നിയമനം പുതുക്കിയതിന് ശേഷമാണ് ശമ്പള നിരക്ക് കൂട്ടി പുതിയ ഉത്തരവിറക്കിയത്.

സീനിയർ വെബ് അഡ്മിനിസ്ട്രേറ്റർ, സോഷ്യൽ മീഡിയ കോർഡിനേറ്റർ, കണ്ടൻ്റ് സ്ട്രാറ്റജിസ്റ്റ് എന്നിവർക്ക് 68250 രൂപയാണ് പുതുക്കിയ ശമ്പളം. ഡെലിവറി മാനേജർക്ക് 58800 രൂപയാക്കി ശമ്പളം വർധിപ്പിച്ചു. റിസർച് ഫെലോ, കണ്ടൻ്റ് ഡവലപർ, കണ്ടൻ്റ് അഗ്രിഗേറ്റർ എന്നിവരുടെ ശമ്പളം 55650 രൂപയാക്കി. ഡാറ്റാ ഡിപോസിറ്ററി മാനേജർമാരായ രണ്ട് പേർക്ക് 47250 രൂപയാണ് പുതുക്കിയ ശമ്പളം. കമ്പ്യൂട്ടർ അസിസ്റ്റൻ്റിന് മുതൽ 23405 രൂപ ശമ്പളമായി ലഭിക്കും.

YouTube video player