കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് നെഗറ്റീവായി കണ്ടെത്തി. ഇന്ന് അദ്ദേഹം ആശുപത്രി വിടും. വൈകിട്ട് 3 മണിക്ക് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. 

മുഖ്യമന്ത്രിയുടെ മകൾ ഇന്നലെ കൊവിഡ് നെഗറ്റീവായെങ്കിലും ആശുപത്രിയിൽ തുടരും. ഇന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്ക് രോഗം ഭേദമായതായി കണ്ടെത്തിയത്. അദ്ദേഹത്തിന് ഇപ്പോഴും കൊവിഡ് രോഗലക്ഷണങ്ങളില്ലെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു. 

പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് മുഖ്യമന്ത്രിക്ക് ചികിത്സ നടത്തിയിരുന്നത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില ചികിത്സയിലുടനീളം തൃപ്തികരമായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. 

മുഖ്യമന്ത്രിയുടെ ഭാര്യക്ക് കൊവിഡ് പോസിറ്റീവായി കണ്ടെത്തിയിട്ടുണ്ട്. ലക്ഷണമില്ലാത്തത് കൊണ്ട് അവരും ഇന്ന് ആശുപത്രി വിടും. മുഖ്യമന്ത്രിയും കുടുംബവും വീട്ടിൽ നിരീക്ഷണത്തിൽ തുടരുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. 

മുഖ്യമന്ത്രിയുടെ കൊച്ചുമകൻ ഇഷാനും കൊവിഡ് നെഗറ്റീവായിട്ടുണ്ട്. ഇഷാൻ ഇന്ന് വൈകിട്ട് മുഖ്യമന്ത്രിക്കൊപ്പം ആശുപത്രി വിടും.

മുഖ്യമന്ത്രിയുടെ മകൾ വീണയും മരുമകൻ മുഹമ്മദ് റിയാസും ഇന്നലെ കൊവിഡ് നെഗറ്റിവായിരുന്നു. എന്നാൽ റിയാസിന്‍റെ അച്ഛൻ പൊസിറ്റീവായി ഐസിയുവിൽ തുടരുന്നതിനാൽ വീണയും റിയാസും ഇന്ന് ആശുപത്രി വിടില്ല.