തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീശക്തി പുരസ്കാരം ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് ഇന്ന് സമ്മാനിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരദാനം നിർവ്വഹിക്കുക. തിരുവനന്തപുരം ടാഗോർ ഹാളിൽ രാവിലെ 11 മണിക്ക് നടക്കുന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലാകും പുരസ്കാര വിതരണം.

നിപ പ്രതിരോധപ്രവർത്തനത്തിലെ മികവ് കണക്കിലെടുത്താണ് എട്ടാമത് സ്ത്രീശക്തി പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് കെ കെ ശൈലജയ്ക്ക് സമ്മാനിക്കുന്നത്. കോഴിക്കോട് മരണഭീതി വിതച്ച് പടർന്ന നിപ എന്ന അപരിചിത രോഗത്തെ കീഴ്പ്പെടുത്തുക എന്നത് ഏറെ ശ്രമകരമായ ദൗത്യമായിരുന്നു. പ്രതിരോധപ്രവർത്തനങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യാനും ഏകോപിപ്പിച്ചു നടപ്പിലാക്കാനും മുഴുവൻ സമയവും മുന്നിൽ നിന്നത് ആരോഗ്യമന്ത്രി തന്നെയായിരുന്നു.

നിപ വൈറസ് ഉയര്‍ത്തിയ ഭീതിയെ പക്വതയോടെ നേരിട്ട്, പടിപടിയായി കീഴടക്കിയ കേരള മാതൃക ആഗോള തലത്തിൽ തന്നെ ശ്രദ്ധനേടി. ആരോഗ്യമന്ത്രിയെന്ന നിലയിലുളള കെ കെ ശൈലജയുടെ നിപ പ്രതിരോധ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ എതിരാളികളുടെ പോലും കയ്യടി സ്വന്തമാക്കിയിരുന്നു. ഭരണരംഗത്തെ മികലിലൂടെയും മനുഷ്യത്വപരമായ ഇടപെടലുകളിലൂടെയും നിരവധി തവണ കെ കെ ശൈലജ വാർത്തകളിൽ ഇടംപിടിച്ചു.

ആ നല്ല മാതൃകയ്ക്കുളള അംഗീകാരമാണ് സ്ത്രീശക്തി പുരസ്കാരവും. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്കാരം സമ്മാനിക്കുമ്പോള്‍ സംവിധായകൻ ആഷിക് അബു, നടി റിമാ കല്ലിങ്കൽ എന്നിവരടക്കമുള്ള രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങിലെ മഹനീയ സാന്നിധ്യമാകും.