Asianet News MalayalamAsianet News Malayalam

'പാർട്ടി പാർട്ടിയുടെ വഴിയേ പോകും' : പാലക്കാട്ടെ വിഭാഗീയ നീക്കങ്ങളിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പാർട്ടിക്കുള്ളിലെ വിഭാഗീയ ശ്രമങ്ങളെ ഒരു തരത്തിലും അംഗീകരിക്കില്ല. സംസ്ഥാന തലത്തിൽ പാർട്ടിക്കുള്ളിലുണ്ടായിരുന്ന വിഭാഗീയത പൂർണമായും ഒഴിവാക്കാനായിട്ടുണ്ട്

CM pinarayi warns about internal issues in party
Author
Palakkad, First Published Jan 1, 2022, 7:48 PM IST

പാലക്കാട്: വിഭാഗീയ പ്രവർത്തനങ്ങളിൽ നേതാക്കൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി. സിപിഎം പാലക്കാട് സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിലാണ് ജില്ലയിലെ പാർട്ടിയിൽ ശക്തിപ്പെടുന്ന വിഭാഗീയ പ്രവർത്തനങ്ങൾക്കെതിരെ മുഖ്യമന്ത്രി താക്കീത് നൽകിയത്. (CM Pinarayi warns Party leaders)

'പാലക്കാട്ടെ പാർട്ടിയിൽ ചില നേതാക്കൾ തുരുത്തുകൾ സൃഷ്ടിയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത്തരം തുരുത്തുകൾക്ക് കൈകാലുകൾ മുളയ്ക്കുന്നതും കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പ്രതിനിധി സമ്മേളനത്തിൽ പറഞ്ഞു. പാർട്ടിക്കുള്ളിലെ വിഭാഗീയ ശ്രമങ്ങളെ ഒരു തരത്തിലും അംഗീകരിക്കില്ല. സംസ്ഥാന തലത്തിൽ പാർട്ടിക്കുള്ളിലുണ്ടായിരുന്ന വിഭാഗീയത പൂർണമായും ഒഴിവാക്കാനായിട്ടുണ്ട്. വിഭാഗീയത ആവർത്തിച്ചാൽ പാർട്ടി പാർട്ടിയുടെ വഴിയെ പോകും. കർശന നടപടിയാകും ഇക്കാര്യത്തിലുണ്ടാവുക എന്നും നേതാക്കൾക്ക് മുന്നറിയിപ്പായി പിണറായി പറഞ്ഞു. സംഘടന റിപ്പോർട്ടിനുള്ള മറുപടിയിലാണ് പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായിയുടെ പരാമർശമുണ്ടായത്. പാലക്കാട് ജില്ലാ സമ്മേളനത്തിൽ ആദ്യാവസാനം മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്.

അതേസമയം പാലക്കാട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിൽ നേതാക്കൾക്കെതിരെ അതിരൂക്ഷ വിമർശനമാണ് ഉണ്ടായത് ജില്ലാ നേതൃത്വത്തിനും സംസ്ഥാന ഭാരവാഹികൾക്കും എതിരെയും പാർട്ടിയിലെ വിഭാഗീയത സബംന്ധിച്ചും സമ്മേളനത്തിൻ്റെ ഭാഗമായുള്ള ചർച്ചയിൽ വിമർശനമുണ്ടായി. 

കെടിഡിസി ചെയർമാൻ പി.കെ.ശശിക്കെതിരെ സമ്മേളനത്തിൽ പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. കെടിഡിസി ചെയർമാൻ ആയതിന് ശശി പത്രത്തിൽ പരസ്യം നൽകിയ കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. പാർട്ടിയിലെ വനിതാ നേതാവിൻ്റെ പരാതിയിൽ നടപടി നേരിട്ട ശശിയെ വേഗത്തിൽ തിരിച്ചെടുത്തതും ചർച്ചയായി. പുതുശ്ശേരി, പട്ടാമ്പി ഏരിയാ കമ്മറ്റി പ്രതിനിധികളാണ് ശശിക്കെതിരെ വിമർശനമുന്നയിച്ചത്. 

പാർട്ടിയെ പ്രതിരോധത്തിലാക്കിയ കണ്ണമ്പ്ര ഭൂമിയിടപാടിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ചില പ്രതിനിധികൾ വിമർശനമുയർത്തി. ജില്ലാ സെക്രട്ടറിയേറ്റംഗം സി കെ ചാമുണ്ണി മാത്രമല്ല കുറ്റക്കാരനെന്നും ചാമുണ്ണിക്ക് മുകളിലുള്ള ആളുകൾക്കും ഇടപാട്ടിൽ  പങ്കുണ്ടെന്നായിരുന്നു വിമർശനം.

ഒറ്റപ്പാലത്തെ സഹകരണ ബാങ്ക് അഴിമതിയിൽ കൂടുതൽ നടപടിയില്ലെന്നും പ്രതിനിധികൾ വിമർശിച്ചു.  പൊലീസ് സേനയുടെ വീഴ്ചകളുമായി ബന്ധപ്പെട്ടും സമ്മേളനത്തിൽ പ്രതിനിധികൾ വിമർശനം ഉയർത്തി. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന നീക്കം പൊലീസിൽ നിന്നുണ്ടാകുന്നുവെന്നും നിയന്ത്രണമില്ലാത്ത വിധത്തിലാണ് ചിലയിടങ്ങളിൽ പൊലീസ് ഇടപെടലെന്നും ഇതു തിരത്തപ്പെട്ടണമെന്നും യോഗത്തിൽ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റിയംഗങ്ങൾക്ക് നേരെയും ചില പ്രതിനിധിരൾ വിമർശൻം ഉന്നയിച്ചു. സംസ്ഥാന നേതാക്കൾ കൂട്ടായ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നില്ലെന്നും ഇവരും വിഭാഗീയതയുടെ ഭാഗമാവുന്നുവെന്നായിരുന്നു വിമർശനം. എൻ.എൻ.കൃഷ്ണദാസിനെ ലക്ഷ്യം വച്ചായിരുന്നു ഈ വിമർശനം. ഒന്നിനും കൊള്ളാത്ത നേതൃത്വമായി ജില്ലാ നേതൃത്വം മാറിയെന്ന ആക്ഷേപവും പ്രതിനിധികളിൽ നിന്നുണ്ടായി  ചില താത്പര്യങ്ങളുള്ള നേതാക്കളുടെ തോഴനായി ജില്ലാ സെക്രട്ടറി പ്രവർത്തിക്കുന്നു എന്നും വിമർശനം വന്നു

Follow Us:
Download App:
  • android
  • ios