തിരുവനന്തപുരം: ശിവശങ്കർ വിഷയത്തിൽ മുഖ്യമന്ത്രി രാജി വയ്ക്കുന്ന പ്രശ്നമില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. വിഷയത്തിൽ മുഖ്യമന്ത്രി നേരത്തേ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. ഏത് അന്വേഷണവും സ്വാഗതം ചെയ്തതാണ്. തൻ്റെ ഓഫീസിൽ വരെ അന്വേഷണം നടത്താൻ മുഖ്യമന്ത്രി അനുവദിച്ചിരുന്നുവെന്നും എം വി ഗോവിന്ദൻ ഓർമ്മിപ്പിച്ചു. 

മടിയിൽ കനമില്ലെന്നും, ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടേയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്, ഇക്കാര്യത്തിൽ മാറ്റമില്ല, പ്രശ്നം ഉയർന്നപ്പോൾ തന്നെ ശിവശങ്കറിനെ മാറ്റിയുന്നു. എം വി ഗോവിന്ദൻ പറയുന്നു. ശിവശങ്കറിനെ ആരോപണമുയർന്നപ്പോൾ തന്നെ സ്ഥാനത്ത് നിന്ന് മാറ്റുകയും പിന്നീട് സസ്പെൻഡ് ചെയ്യുകയും ചെയ്തുവെന്നതാണ് മുതിർന്ന സിപിഎം നേതാവിന്റെ വിശദീകരണം. 

അന്വേഷണവും കോടതി നടപടിക്രമങ്ങളും നടക്കട്ടേയെന്നും ഇതിനെ പറ്റി യാതൊരു വിധ ഉത്കണ്ഠയുമില്ലെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന്റെ കാര്യത്തിൽ മുഖ്യമന്ത്രി രാജി വയ്ക്കേണ്ട ആവശ്യമേ ഇല്ലെന്ന് ഗോവിന്ദൻ മാസ്റ്റർ ആവർത്തിച്ചു.