തിരുവനന്തപുരം: കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ച ആളെ ആശുപത്രിയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാള്‍ക്ക് രോഗബാധ കണ്ടെത്തിയാല്‍ എന്തൊക്കെ ചെയ്യണമെന്ന് കൃത്യമായി നിശ്ചയിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞ് 4.45ന് ഫലം കോട്ടയം ഡിഎഒയ്ക്ക് ലഭിച്ചത് മുതല്‍ എല്ലാ നടപടികളും സ്വീകരിച്ചു. ഇന്നലെ മാത്രം കോട്ടയത്ത് 162 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി എടുത്തത്.

ഓരോരുത്തരെയും ആംബുലന്‍സ് അയച്ച് വീട്ടില്‍ നിന്ന് കൊണ്ടു വരികയും സാമ്പിളെടുത്ത് അതേ ആംബുലന്‍സില്‍ തിരിച്ചെത്തിക്കുകയുമാണ് ചെയ്യുന്നത്. യാത്ര കഴിഞ്ഞാല്‍ ആംബലന്‍സ് അണുവിമുക്തമാക്കുകയും ചെയ്യും. ഇന്നലെ ആറ് പോസിറ്റീവ് ഫലമാണ് കോട്ടയത്ത് വന്നത്.

ആറ് പേരെയും രാത്രി 8.30ഓടെ മെഡിക്കല്‍ കോളജിലെത്തിച്ചു. എല്ലാവരും ക്വാറന്‍റൈനില്‍ കഴിയുന്നവരായിരുന്നു. പ്രത്യേകിച്ച് ഒരു വീഴ്ചയും വന്നിട്ടില്ല. പിന്നെ എന്തിനാണ് ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്ന തരത്തില്‍ ചര്‍ച്ച കൊണ്ടു പോവുകയും രോഗബാധിതരെ വിളിച്ച് പൊതു പ്രസ്താവന നടത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതെന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഇടപെടലില്‍ ചിലപ്പോള്‍ ചില വിമര്‍ശനങ്ങള്‍ ഉണ്ടാവാം. എല്ലാ കാര്യങ്ങളും പൂര്‍ണതയില്‍ നടന്നുകൊള്ളണമെന്നില്ല. എന്തെങ്കിലും വീഴ്ചയുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കുന്നതിനോ വിമര്‍ശിക്കുന്നതിലോ കുഴപ്പമില്ല. എന്നാല്‍, ഒരു സംവിധാനത്തെ ആകെ സംശയത്തിന്‍റെ പുകപടലത്തിലാക്കുന്ന തെറ്റായ ഇടപെടല്‍ ഒഴിവാക്കണം.

ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. നേരത്തെ, കോട്ടയത്തെ രോഗികളെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതവും അതു സംബന്ധിച്ച വിവാദം അനാവശ്യവുമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയും പ്രതികരിച്ചിരുന്നു.

വൈകുന്നേരം അഞ്ച് മണിയോടെയാണ് പരിശോധനാഫലം വന്നത്. അക്കാര്യം രോഗിയെ അറിയിച്ചതാണ്. ആശുപത്രിയിലേക്ക് പോകാൻ തയ്യാറായിരിക്കാനും പറഞ്ഞതാണ്. ഇതിന്റെ പേരിൽ വാർത്തയും പ്രചാരണവും വരുന്ന നേരത്തു തന്നെ ആംബുലൻസ് രോഗിയെ കൊണ്ടുപോകാൻ പുറപ്പെട്ടിരുന്നതായും മന്ത്രി പറഞ്ഞു.