ജനങ്ങൾ പ്രാണഭയത്തിൽ നിൽക്കുമ്പോൾ മുഖ്യമന്ത്രിക്കും കുടുംബത്തിനും ഉല്ലാസയാത്രയെന്ന വി.മുരളീധരൻ്റെ പരാമർശം വില കുറഞ്ഞത്.മറുപടി അർഹിക്കുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

പാലക്കാട്: മുഖ്യമന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച ആക്ഷേപങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.വിദേശയാത്ര നാടിൻ്റെ വികസനത്തിന് വേണ്ടിയാണ്.ഇത് ഉല്ലാസത്തിന് വേണ്ടിയല്ല. കേന്ദ്രമന്ത്രി വി മുരളീധരന്‍റെ വിമര്‍ശനം വില കുറഞ്ഞതെന്നും മറുപടി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് വി മുരളീധരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.എന്ത് ഹീന കുറ്റകൃത്യം നടത്തിയാലും രക്ഷപ്പെടാം എന്ന ആത്മവിശ്വാസം പിണറായി വിജയൻ ഭരിക്കുമ്പോൾ സിപിഎം പ്രവർത്തകർക്ക് ഉണ്ട്; ജനങ്ങൾ പ്രാണഭയത്തിൽ നിൽക്കുമ്പോൾ മുഖ്യമന്ത്രിക്കും കുടുംബത്തിനും ഉല്ലാസയാത്രയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനാണ് എം വി ഗോവിന്ദന്‍ ഇന്ന് മറുപടി നല്‍കിയത്.

നരബലിക്ക് ഉത്തരവാദികളായവര്‍ എത് പാർടിയിൽപ്പെട്ടവരാണെങ്കിലും സംരക്ഷിക്കില്ല.ഇക്കാര്യത്തിൽ സി പി എമ്മിന് വ്യക്തമായ നിലപാടുണ്ട്.എല്ലാ പാർടിക്കാരും ഇത്തരം പ്രവണതകൾക്കെതിരെ രംഗത്ത് വരണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

'മുഖ്യമന്ത്രി നടത്തിയത് ഉല്ലാസ യാത്ര', 'യുകെയുമായി കരാർ ഒപ്പിട്ടു എന്നത് തട്ടിപ്പ്'; വിമർശനവുമായി ചെന്നിത്തല

മുഖ്യമന്ത്രിയുടെ വിദേശയാത്ര ഉല്ലാസ യാത്രയായിരുന്നുവെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തിന് പാഴ്ച്ചെലവുണ്ടാക്കുന്നതാണ് ഈ യാത്രയെന്നും ചെന്നിത്തല ആരോപിച്ചു. നോർക്ക റൂട്ട്സ് കരാർ ഒപ്പിട്ടത് ഏതോ ട്രാവൽ ഏജൻസിയുമായി ആണ്. മൂവായിരം പേർക്ക് തൊഴിൽ സാധ്യത നൽകുന്ന കരാർ എന്നാണ് പറഞ്ഞത്. എന്നാൽ യുകെയുമായി കരാർ ഒപ്പിടാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണം. ആരെ പറ്റിക്കാൻ ആണ് സർക്കാർ ഇക്കാര്യം പറയുന്നതെന്നും ചെന്നിത്തല ചോദിച്ചു. നഗ്നമായ അഴിമതിയാണ് നടന്നിരിക്കുന്നത്. ഇതിനെ നിയമപരമായി നേരിടാൻ ആലോചിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് ഭരണകാലത്തും വിദേശ യാത്ര നടത്തിയിട്ടുണ്ട് . അത് പക്ഷേ ഉല്ലാസ യാത്ര ആയിരുന്നില്ല. കോൺഗ്രസ് നേതാക്കൾക്ക് എതിരെ തെളിവ് ഉണ്ടെങ്കിൽ എ.കെ.ബാലൻ പുറത്ത് വിടട്ടെയെന്നും രമേശ് ചെന്നിത്തല വെല്ലുവിളിച്ചു.