തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ മുറുകുന്നതിനിടെ ലൈഫ് മിഷൻ- റെഡ് ക്രസന്റ് ധാരണാപത്രത്തിലെ ഫയലുകൾ മുഖ്യമന്ത്രി വിളിപ്പിച്ചു. നിയമവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട ഫയലുകളാണ് വിളിപ്പിച്ചത്. വിഷയത്തിൽ സർക്കാർ ഏതെങ്കിലും തരത്തിലുള്ള അന്വേഷണത്തിലേക്ക് നീങ്ങുകയാണോ എന്ന സംശയവും ഉയരുന്നുണ്ട്.

പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് എല്ലാ തരത്തിലും വീഴ്ചകളുണ്ടായിട്ടുണ്ട് എന്നതിനുള്ള തെളിവുകൾ മാധ്യമവാർത്തകളിലൂടെ പുറത്തുവന്നിരുന്നു, അതിവേ​ഗമാണ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ഫയലുകൾ നീങ്ങിയത്. എംഒയു ഒപ്പുവച്ച ദിവസം തന്നെ ബാക്കിയെല്ലാ അനുമതികളും ഉറപ്പാക്കി. കൈക്കൂലി നൽകിയെന്ന വിവരം പുറത്തുവന്നു. യാതൊരുവിധ അന്വേഷണത്തിനും സർക്കാർ തയ്യാറായതുമില്ല.

വരട്ടെ നോക്കാം എന്ന രീതിയിൽ മുഖ്യമന്ത്രി പറഞ്ഞൊഴിയുകയായിരുന്നു ഇതുവരെ. ഈ സാഹചര്യത്തിലാണ് ഫയലുകൾ വിളിപ്പിച്ചത് അന്വേഷണത്തിലേക്ക് നീങ്ങുന്നതിനുള്ള സൂചനയാണോ എന്ന സംശയം ഉയരുന്നത്. വിവാദങ്ങളോ ആരോപണങ്ങളോ ഉയർന്നാൽ ആ വിഷയത്തിലുള്ള ഫയലുകൾ വിളിപ്പിക്കുന്നത് ഒരു സാങ്കേതിക നടപടി മാത്രമാണ്. മുഖ്യമന്ത്രി നേരത്തെ കണ്ടിട്ടുള്ള ഫയലുകളാണെങ്കിലും അല്ലെങ്കിലും കാര്യങ്ങൾ ഉറപ്പിക്കുന്നതിനും അന്തിമതീരുമാനം എടുക്കുന്നതിനുമാണ് ഇങ്ങനെയൊരു നടപടിക്രമം സ്വീകരിക്കുന്നത്. 

അതേസമയം, വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നിർമ്മാണ കമ്പനിയായ യൂണിടാകിൽ നിന്ന് കമ്മീഷൻ കൈപ്പറ്റി എന്നതു സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. ആറ് ശതമാനം കമ്മീഷനാണ് സ്വപ്ന ആവശ്യപ്പെട്ടത്. യുഎഇ കോൺസുലേറ്റ് ജനറൽ 20 ശതമാനം കമ്മീഷനും കമ്പനിയിൽ നിന്ന് വാങ്ങി. കോൺസുലേറ്റ് ജനറലിൽ നിന്നും സ്വപ്ന കമ്മീഷൻ ഇനത്തിൽ വൻ തുക വാങ്ങിയിട്ടുണ്ട്.

Read More: ലൈഫ് മിഷൻ: സ്വപ്ന രണ്ടുതവണ കമ്മീഷൻ വാങ്ങി; 20 കോടിയുടെ പദ്ധതിയിൽ കോഴ നാല് കോടിയിലധികമെന്നും യൂണിടാക്...