തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് രണ്ടു തവണ കമ്മീഷൻ വാങ്ങിയെന്ന് യുണിടാക് കമ്പനി. സന്ദീപ് ,സ്വപ്ന, സരിത് എന്നിവർ  ചേർന്ന് ആവശ്യപ്പെട്ടത് ആറ് ശതമാനം  കമ്മീഷനാണ്. ഇതിൽ 55 ലക്ഷം രൂപ സന്ദീപിന്റെ ബാങ്ക് അക്കൗണ്ട് വഴി കൈമാറി. കരാർ നൽകാൻ കോൺസുൽ ജനറൽ 20 ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടെന്നും യൂണിടാകിന്റെ വെളിപ്പെടുത്തി.

സന്ദീപിന്റെ ഐസോമോങ്ക് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലാണ് പണമിട്ടത്. ഈ പണം സന്ദീപും സ്വപ്നയും സരിത്തും പങ്കിട്ടെടുത്തു. കമ്മീഷൻ തുക ഡോളറിൽ വേണമെന്നായിരുന്നു കോൺസുൽ ജനറലിന്റെ ആവശ്യം. തുടർന്ന് മൂന്ന് കോടി 80 ലക്ഷം രൂപ കോൺസുൽ ജനറലിന് നൽകി. ഇതിൽ നിന്ന് ഒരു കോടി രൂപ സ്വപ്ന കോൺസുൽ ജനറലിനോട് ആവശ്യപ്പെട്ടു. ഈ തുക കിട്ടിയ ശേഷമാണ് ശിവശങ്കറെ കാണാൻ യൂണിടാകിനോട് പറയുന്നത്. 

സ്വപ്ന രണ്ടാമത് വാങ്ങിയ ഒരു കോടി സർക്കാർ ഉദ്യോഗസ്ഥർക്കുള്ള കോഴയെന്നാണ് സൂചന. 20 കോടി രുപയുടെ പദ്ധതിയിൽ കോഴയായി നൽകേണ്ടി വന്നത് 4 കോടി 35 ലക്ഷം രൂപയാണ്. 


ലൈഫ് മിഷൻ പദ്ധതിയിൽ ഫ്ലാറ്റ് നിർമ്മിക്കാൻ ഒരു നിർമ്മാണ കമ്പനിയെ കണ്ടെത്തണമെന്ന് കോൺസുലേറ്റ് ജനറൽ സ്വപ്ന സുരേഷിനോട് ആവശ്യപ്പെടുന്നതോടെയാണ് ഈ ​ഗൂഢാലോചനയ്ക്ക് തുടക്കം കുറിച്ചത്. സ്വപ്ന വിവരം സന്ദീപിനെയും സരിതിനെയും അറിയിച്ചു. സന്ദീപ് തന്റെ സുഹൃത്തായ യദുകൃഷ്ണനോട് ഇക്കാര്യം പറഞ്ഞു. യദുകൃഷ്ണൻ യൂണിടാകിലെ മുൻ ജീവനക്കാരനാണ്. അങ്ങനെയാണ് ഇവർ യൂണിടാകിന് നിർമ്മാണം കൈമാറാമെന്ന് ധാരണയിലെത്തിയത്. തുടർന്നാണ് സ്വപ്ന പദ്ധതി നടത്തിപ്പിനായി ആറ് ശതമാനം കമ്മീഷൻ വേണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടത്. ആദ്യഘട്ടത്തിൽ 55 ലക്ഷം രൂപ സന്ദീപിന്റെ സ്ഥാപനത്തിൻ‌റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ച ശേഷമാണ് യൂണിടാകിനോട് കോൺസുലേറ്റ് പ്രതിനിധിയായ ഖാലിദിനെ കാണാൻ സ്വപ്ന നിർദ്ദേശിച്ചത്. 

ഖാലിദ് ആണ് തനിക്കും കോൺസുലേറ്റ് ജനറലിനുമായി 20 ശതമാനം കമ്മീഷൻ വേണമെന്ന് യൂണിടാകിനോട് ആവശ്യപ്പെട്ടത്. തുടർന്നാണ് ഇതിൽ നിന്ന് ഒരു കോടി രൂപ കമ്മീഷനായി സ്വപ്ന കോൺസുലേറ്റ് ജനറലിനോട് ആവശ്യപ്പെട്ടത്. ഈ തുക സ്വപ്നയ്ക്ക് നൽകിയ ശേഷമാണ് കോൺസുലേറ്റ് ജനറൽ യൂണിടാകിനോട് എം ശിവശങ്കറെ പോയി കാണാൻ നിർദേശിച്ചത്. ഫ്ലാറ്റ് നിർമ്മാണത്തിനുള്ള സ്ഥലം സർക്കാരിന്റേതാണ്. സ്ഥലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന്റെ കാര്യങ്ങൾക്കാണ് ശിവശങ്കറെ കാണാൻ നിർദേശം നൽകിയത്.