കോഴിക്കോട് അത്തോളി പൊലീസാണ് കലാപാഹ്വാന കുറ്റം ചുമത്തി കേസെടുത്തത്. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ കലാപാഹ്വാന കുറ്റം ചുമത്തിയാണ് കേസ്.
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ - പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ചയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ച സിപിഎം അനുഭാവിക്കെതിരെ കേസെടുത്ത് പൊലീസ്. കോഴിക്കോട് അത്തോളി പൊലീസാണ് കലാപാഹ്വാന കുറ്റം ചുമത്തി കേസ് എടുത്തത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിന്‍റെ പരാതിയിലാണ് കേസ്.
അതേസമയം, മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട സ്‌കൂൾ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ആറ്റിങ്ങൽ മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എസ് ജവാദിനെയാണ് കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് ചെയ്തത്. വിഷയത്തിൽ മുഖ്യമന്ത്രിയോ ഓഫീസോ പരാതി നൽകിയിരുന്നില്ല. പുറമേ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ. വിരമിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. ഈ സാഹചര്യം പരിഗണിച്ചാണ് സസ്പെൻഷൻ പിൻവലിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയത്.
